തിരുവനന്തപുരം: തമിഴ്നാടിന് പുറമെ കേരളവും വരള്‍ച്ചാ ഭീഷണിയിലേക്ക്. കാലവര്‍ഷത്തില്‍ ഇതുവരെ 35 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. ഒരാഴ്ച കൂടി ഇതേ നില തുടര്‍ന്നാല്‍ കേരളത്തിലും ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
കേരളത്തില്‍ വേണ്ടത്ര മഴ ലഭിക്കാതെ വന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പും താഴുകയാണ്. ഇടുക്കി, പമ്പ, ഷോളയാര്‍, ഇടമലയാര്‍ അടക്കം പ്രധാന അണക്കെട്ടുകളിലെല്ലാം കൂടി 12 ശതമാനം വെളളം മാത്രമേയുള്ളു. മഴ ശക്തമായില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിയന്ത്രിക്കേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്മാന് എന്‍എസ് പിള്ള പറഞ്ഞു.
സാധാരണ കേരളത്തില്‍ ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കേരളത്തില്‍ കാലവര്‍ഷം. എന്നാല്‍ ഇത്തവണ പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. ജൂണ്‍ 1 മുതല്‍ ഇന്നലെ വരെ 549 മില്ലീമിറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. എന്നാല്‍ ഇതുവരെ കിട്ടയിത് 355 മിമീ മാത്രം. 35 ശതമാനം കുറവ്.
ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ല വയനാട് ആണ്. 55 ശതമാനം കുറവാണ് മഴയുടെ ലഭ്യതയില്‍ ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം, തിരുവനന്തപുരത്ത് ശരാശരിയിലും 4 ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റാണ് കാലവര്‍ഷത്തിന്റെ ഗതിമാറ്റിയ വില്ലനായതെന്നാണ് വിലയിരുത്തല്‍.
എന്നല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തീവ്രമാകുന്നതോടെ ജൂലൈ ആദ്യവാരം മഴ വീണ്ടും ശക്തമാകുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Discussion about this post