ലണ്ടന്‍: ലോകകപ്പ് ആരംഭിക്കുമ്പോള്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ടിന് എന്നാല്‍ സ്വന്തം മണ്ണിലെ ലോകകപ്പില്‍ വേണ്ടവിധം തിളങ്ങാനാകുന്നില്ല.ഓസ്ട്രേലിയയ്ക്കെതിരായ തോല്‍വി കൂടി ആയതോടെ പതനത്തിലേക്കാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്.
അനായാസം സെമിയില്‍ പ്രവേശിക്കുമെന്ന് കരുതിയിരുന്ന ടീമിന് ഇനി ശക്തരായ ഇന്ത്യയേയും ഒരു തോല്‍വി മാത്രം വഴങ്ങിയിട്ടുള്ള ന്യൂസിലാന്‍ഡിനേയും നേരിടേണ്ടതുണ്ട്. ഈ മത്സരങ്ങളില്‍ വിജയിക്കേണ്ടത് അത്യാവശ്യവുമാണ്. ഇല്ലെങ്കില്‍ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിക്കും. അതേസമയം, മികച്ച രീതിയില്‍ തുടങ്ങിയ ഇംഗ്ലണ്ടിനെ ചില താരങ്ങളുടെ പരിക്കാണ് അലട്ടുന്നത്.
സ്പിന്നര്‍ ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, മാര്‍ക് വുഡ്, ജേസണ്‍ റോയ് എന്നിവരാണ് പരിക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നത്. ജേസണ്‍ റോയ് ഒഴികെ എല്ലാവരും കളിക്കുന്നുണ്ടെങ്കിലും ഫിറ്റല്ല. ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോര്ഗന് തലവേദനയാകുന്നതും ഇതാണ്. ഇന്ത്യക്കെതിരെ 30ന് നടക്കുന്ന മത്സരത്തില്‍ തിരിച്ചുവരാമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍.
ആദില്‍ റഷീദിന്റെ വലത് തോളിനാണ് പരിക്ക്. വലങ്കയ്യന്‍ ബൗളര്‍ ആര്‍ച്ചര്‍ക്ക് ശരീരത്തിന്റെ ഇടത് വശം പ്രശ്നമാണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് താരം ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിരുന്നു. വോക്സും വുഡും പൂര്‍ണമായും ഫിറ്റല്ലെന്നാണ് അറിയുന്നത്. കാലിലെ പേശികള്‍ക്കേറ്റ പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത റോയ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ പുറത്താണ്.
Discussion about this post