തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത് 15,394 വീടുകളാണെന്നും മന്ത്രി അറിയിച്ചു.
1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 9934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥര്‍ അറിയിച്ചു. 9737 വീടുകള്‍ക്ക് പുനഃര്നിര്മ്മാണത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു നല്‍കിയിട്ടുണ്ട്. 2757 വീടുകള്‍ക്ക് രണ്ടാം ഗഡുവും 4544 വീടുകള്‍ക്ക് മൂന്നാം ഗഡുവും നല്‍കിയതായും മന്ത്രി അറിയിച്ചു.
മഹാപ്രളയത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പ്രളയത്തില്‍ വീടിനുണ്ടായ നാശനഷ്ടം 15 ശതമാനം വരെയാണെങ്കില്‍ 10,000 രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
വീടുകള്‍ക്ക് 16-29 ശതമാനം വരെ നഷ്ടം സംഭവിച്ചവര്‍ക്ക് 60,000 രൂപ നല്‍കാനും, 30-50 ശതമാനം വരെയുള്ള നഷ്ടത്തിന് 1,25,000 രൂപ നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 60-74 ശതമാനം വരെ നഷ്ടം സംഭവിച്ച വീടുകള്‍ക്ക് 2,50,000 രൂപയും 75 ശതമാനത്തിന് മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്ക് 4 ലക്ഷം രൂപയും നല്‍കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
Discussion about this post