വയനാട്: പാഠപുസ്തകങ്ങളുടെയും ബാഗിന്റെയും ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മധുരമാക്കി തരിയോട് എസ്എഎല്‍പി സ്കൂള്‍. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൈയും വീശി സ്കൂളില്‍ വരാം ബാഗിന്റെ ആവശ്യമില്ല. സംസ്ഥാനത്തെ ആദ്യ ബാഗ് ഫ്രീ സ്കൂളായി മാതൃകയായിരിക്കുകയാണ് തരിയോട് എസ്എഎല്‍പി സ്കൂള്‍.
ആദ്യപടിയായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി കുട്ടികള്‍ക്ക് രണ്ടു സെറ്റ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചു. ഒന്ന് സ്കൂളിലും മറ്റൊന്നു വീട്ടിലും. ഇതില്‍ ഒരു സെറ്റ് പഴയ പുസ്തകങ്ങളാണ്. പഠനോപകരണങ്ങള്‍ അടങ്ങിയ ബോക്സും ഉച്ചഭക്ഷണത്തിനുള്ള പാത്രവും നോട്ട്ബുക്കുകളുമെല്ലാം ക്രമീകരിക്കാന്‍ എല്ലാ ക്ലാസുകളിലും പ്രത്യേകം അലമാരകളും സ്ഥാപിച്ചു. ബാഗില്ലാത്ത സ്കൂളായി മാറുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന നേട്ടവും സ്കൂളിനു സ്വന്തം.
പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസു വരെയുള്ള സ്കൂളില്‍ 45 ശതമാനവും ട്രൈബല്‍ കുട്ടികളാണ് പഠിക്കുന്നത്. വയനാട് ജില്ലയിലെ ഡ്രോപ്പൗട്ടുകള്‍ ഇല്ലാത്ത സ്കൂള്‍ കൂടിയാണിത്.
കഴിഞ്ഞ വര്‍ഷം തേര്‍ഡ് ടേമോടുകൂടിയാണ് ആദ്യമായി ഇത്തരത്തിലുള്ള ഒരു പദ്ധതി പരീക്ഷമായി ആരംഭിക്കുന്നത്. അത് വിജയം കണ്ടതോടുകൂടി ഈ വര്‍ഷം ആദ്യം തന്നെ ഈ പദ്ധതി ആരംഭിക്കുകയായിരുന്നു. പിടിഎ കൂടുകയും എല്ലാ ക്ലാസുകളിലേക്കും അലമാറ വാങ്ങുകയുമാണ് ആദ്യം ചെയ്തത്. ഇത്തരത്തിലൊരു ആശയത്തിലേക്കെത്താന് അധ്യാപകര്‍ ഒരുപാട് ഗവേഷണം നടത്തിയിരുന്നു.
വിദേശ രാജ്യങ്ങളിലെ പഠനരീതിയെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് അവിടെയുള്ള സ്കൂളുകളില്‍ വലിയ ഭാരം ചുമന്നല്ല കുട്ടികള്‍ സ്കൂളില്‍ എത്തുന്നതെന്ന് അധ്യാപകര്‍ക്കു മനസിലായത്. ഇതെല്ലാം പഠനവിധേയമാക്കിയാണ് ഇങ്ങനെയൊരാശയത്തിലേക്കെത്തുന്നതെന്ന് പ്രധാന അധ്യാപിക പറയുന്നു.
Discussion about this post