തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ജയില്‍ മാറ്റുമെന്ന് ഡിജിപി ഋഷിരാജ് സിങ്. പ്രതികളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ് കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതികളെ മാറ്റുകയെന്നും ഡിജിപി അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പോലീസ് നടത്തിയ
മിന്നല്‍ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. കണ്ണൂര്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും വിയ്യൂരില്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു പരിശോധന.
കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്. അതേസമയം, തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഇതേതുടര്‍ന്നാണ് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ജയിലുകളില്‍ എല്ലാ ആഴ്ചകളിലും റെയ്ഡ് നടത്തുമെന്നും തടവുകാരില്‍ നിന്ന് ഫോണ്‍ കണ്ടെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.
Discussion about this post