ചെന്നൈ: തമിഴ്‌നാട്ടില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന ഐഎസ് അനുകൂല സംഘടന തമിഴ്‌നാട്ടില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. കോയമ്പത്തൂര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം.
ഐഎസുമായി ബന്ധമുള്ള സംഘടനയായ അബു അല്‍കിതാലിലെ അംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. അംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തില്‍ നിന്നാണ് ആക്രമണം സംബന്ധിച്ച സൂചന ലഭിച്ചത്. എന്നാല്‍, ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടില്‍ പരിശോധന നടത്തിവരികയാണ്.
കോയമ്പത്തൂരില്‍ നിന്ന് രണ്ട് പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. മധുര, ചെന്നൈയിലെ പുഴല്‍ ജയില്‍ എന്നിവിടങ്ങളിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. പത്തിലധികം പേരെ ചോദ്യം ചെയ്തു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിന്റെ വീട്ടില്‍ എന്‍ഐഎ സംഘം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരില്‍ കുനിയമുത്തൂരില്‍ സ്ഥിരതാമസക്കാരനായ ഷിനോയ്ദിന്റെ വീട്ടിലാണ് കേന്ദ്രസംഘം റെയ്ഡ് നടത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളായ മൂന്ന് യുവാക്കളെ കഴിഞ്ഞ ജൂണ്‍ 17 ന് കോയമ്പത്തൂരില്‍ വച്ച് കേന്ദ്രസംഘം അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഹുസൈന്‍, ഷാജഹാന്‍, ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്നാട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Discussion about this post