ആലപ്പുഴ: വള്ളികുന്നത്ത് തീക്കൊളുത്തി കൊലപ്പെടുത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വള്ളികുന്നം പോലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സൗമ്യയുടെ മ്യതദേഹം ഇന്നു രാവിലെ വിദേശത്തു നിന്നെത്തിയ ഭര്‍ത്താവും മറ്റു ബന്ധുക്കളും ചേര്‍ന്നു ഏറ്റുവാങ്ങി. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി സൗമ്യ ജോലി ചെയ്തിരുന്ന വള്ളികുന്നം പോലീസ് സ്റ്റേഷനിലെത്തിച്ചു.
ആലപ്പുഴ എസ്പി അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സൗമ്യയുടെ ഭര്‍ത്താവിന്റെ വള്ളികുന്നത്തെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിവെച്ചു. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ തന്നെയായിരുന്നു സംസ്കാരം. കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Discussion about this post