ഇസ്ലാമാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്ത്. മാഞ്ചസ്റ്ററിലെ ഇന്ത്യയുടെ ജയം പാകിസ്താന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ആസിഫ് ഗഫൂര്‍ രംഗത്ത് വന്നത്. ഇന്ത്യന്‍ ജയത്തെ ബാലാക്കോട്ട് ആക്രമണത്തോട് താരതമ്യപ്പെടുത്തിയതിനാണ് പാക് സൈനിക വക്താവിന്റെ മറുപടി.
പ്രിയപ്പെട്ട അമിത് ഷാ, അതെ നിങ്ങളുടെ ടീം ജയിച്ചു. നന്നായി കളിച്ചു. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ താരതമ്യപ്പെടുത്തരുത്. അതുകൊണ്ട് മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത്. ആസിഫ് ഗഫൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ നൗഷേര പ്രത്യാക്രമണവും ഫെബ്രുവരി 27ലെ വ്യോമാതിര്‍ത്തി ലംഘനത്തിന് രണ്ട് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തതും നോക്കിയാല്‍ മതിയെന്നും ആസിഫ് ഗഫൂര്‍ പറയുന്നുണ്ട്.
‘പാകിസ്താന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്കിയിരിക്കുന്നു. ഫലം പതിവു പോലെത്തന്നെയാണ്. ഈ മികച്ച പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.’ അവര്‍ ആഘോഷങ്ങളിലാണ്- എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
ഇതിനെതിരെ അമിത് ഷായെ പരിഹസിച്ച് ആര്‍ജെഡിയും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദയവു ചെയ്ത് മസ്തിഷ്കജ്വരത്തെ ഒന്നാക്രമിക്കൂ സാര്‍, ബീഹാറില്‍ ഇതുമൂലം ഇരുനൂറിലധികം കുട്ടികള്‍ മരിച്ചു, പ്രതീക്ഷയോടെ താങ്കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നാണ് ആര്‍ജെഡി ട്വിറ്ററിര്‍ കുറിച്ചത്. ഇന്ത്യ പാകിസ്താനു മേല്‍ നടത്തിയ മറ്റൊരാക്രമണം, അതില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു എന്നായിരുന്നു ലോകകപ്പ് മത്സരത്തിനു ശേഷം അമിത്ഷായുടെ ട്വീറ്റ്.
Discussion about this post