റോഹ്തക്: സഹോദരിയുടെ വിവാഹത്തിന് മേലധികാരി അവധി അനുവദിക്കാത്തതില്‍ മനംനൊന്ത് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. റോഹ്തക്കിലെ പിജിഐഎംഎസ് ആശുപത്രിയിലെ ഡോക്ടര്‍ ഓംകാറാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. പീഡിയാട്രിക്സില്‍ എംഡി ചെയ്യുകയായിരുന്നു കര്‍ണാടക സ്വദേശി ഡോ. ഓംകാര്‍.
കഴിഞ്ഞ ദിവസമായിരുന്ന ഓംകാറിന്റെ സഹോദരിയുടെ വിവാഹം. ഇതില്‍ പങ്കെടുക്കാന്‍ വകുപ്പ് മേധാവിയോട് അവധി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതാണ് ഓംകാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സഹോദരിക്ക് സമ്മാനമായി നല്കാന് വാങ്ങിയ ദുപ്പട്ട കഴുത്തില്‍ കുരുക്കി ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ഓംകാര്‍ ജീവനൊടുക്കിയത്.
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമത്തോടൊപ്പം വകുപ്പ് മേധാവിയുടെ അവഹേളനവും ഓംകാറിനെ മാനസികമായി അലട്ടിയിരുന്നെന്നും പോലീസ് പറയുന്നു. ഇയാളെ വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരന്തരം അധിക്ഷേപിക്കാറുണ്ടെന്നും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകരും പറയുന്നു.
ഓംകാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വകുപ്പ് മേധാവി ഡോ. ഗീതാ ഗത്വാളിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓംകാറിന്റെ സഹപ്രവര്‍ത്തകര്‍ ഗീതയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നഷ്ടപരിഹാരമായി ഒരു കോടി രൂപ ഓംകാറിന്റെ കുടുംബത്തിന് നല്‍കണമെന്നും ഡോ. ഗീതയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് സഹപ്രവര്‍ത്തകരുടെ ആവശ്യം.
Discussion about this post