ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി രണ്ടാം തവണയും അധികാരമേറ്റതിനു പിന്നാലെ ആദ്യ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ന്യൂഡല്‍ഹിയില്‍. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. നേരത്തെ മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിട്ടുനിന്നിരുന്നു.
അതേസമയം, കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം കേരളത്തിനായി അഭ്യര്‍ത്ഥിക്കാനാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതിയെ നേരിടാനുള്ള സഹായം എന്നിവയ്ക്കുള്ള അഭ്യര്‍ത്ഥന പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രിക്ക് പുറമെ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ കൂടിക്കാഴ്ച. മന്ത്രി ജി സുധാകരന്, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക. തീരുമാനം പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചെങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.
സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സ്തംഭിച്ചതോടെ ഈ സാഹചര്യത്തെ തരണം ചെയ്യാനാണ് മുഖ്യന്ത്രിയുടെ ഡല്‍ഹി യാത്ര. കേന്ദ്രമന്ത്രി വി മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.
Discussion about this post