തമിഴ്നാട്; തമിഴ്നാട്ടില്‍ വഴി നടക്കാന്‍ അനുവദിക്കാതിരുന്ന സവര്‍ണജാതിക്കാര്‍ക്കെതിരെ സമരം ചെയ്ത യുവാവിനെ വെട്ടികൊന്നു. ഡിവൈഎഫ്ഐ തിരുനെല്‍വേലി ജില്ലാ ഖജാന്‍ജി അശോകിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി അശോക് ജോലി കഴിഞ്ഞ് വരുമ്പോഴാണ് അരുംകൊല അരങ്ങേറിയത്. ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന അശോകിനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായെത്തി ആക്രമിച്ചവര്‍ വെട്ടിയും കുത്തിയും കല്ലെടുത്തടിച്ചുമാണ് യുവ നേതാവിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ കയ്യിലും കാലിലും കഴുത്തിലും നിറയെ വെട്ടേറ്റു. കല്ലെടുത്ത് മുഖമടക്കം ഇടിച്ച് നശിപ്പിച്ച സംഘം മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. അശോക് ദളിത് സമുദായാംഗമാണ്. അശോകും സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടാനിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്.
സവര്‍ണ സമുദായമായ മരവാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിനടുത്ത് കൂടെയാണ് ദളിത് സമുദായക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്ന വഴി. ജോലിക്ക് പോവുന്ന ദളിത് തൊഴിലാളികളെയും സ്ത്രീകളെയും സവര്‍ണര്‍ പലപ്പോഴും ആക്രമിക്കാറുണ്ട്. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങള്‍ എതിര്‍പ്പുന്നയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
Discussion about this post