ന്യൂഡല്‍ഹി: ആസാമിലെ ജോര്‍ഹട്ടില്‍ നിന്നും മെചുകയിലെ വ്യോമത്താവളത്തിലേക്ക് പോയ വ്യോമസേനയുടെ എഎന്‍-32 ചരക്കുവിമാനം തകര്‍ന്ന് 13 യാത്രക്കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ്കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍കെ ഷെരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.
സൈനികരടങ്ങിയ തെരച്ചില്‍ സംഘം വിമാനം തകര്‍ന്ന പ്രദേശത്ത് പരിശോധന തുടരുകയാണ്. മൃതദേഹങ്ങളടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ സംഘം. ബ്ലാക്ബോക്സ് വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എട്ടു ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവില്‍ അരുണാചലിലെ ലിപോ മേഖലയില്‍ ചൊവ്വാഴ്ച വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വ്യോമസേന അറിയിച്ചിരുന്നു. എംഐ-17 ഹെലികോപ്റ്ററാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ തെരച്ചില്‍ സംഘം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വിമാനം പര്‍വതത്തിലിടിച്ച് തകരുകയായിരുന്നു എന്നാണ് സൂചന. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് വന്‍ തീപിടുത്തമുണ്ടായതായും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
വ്യോമപാതയില്‍നിന്ന് 15-20 കിലോമീറ്റര്‍ വടക്കുമാറിയാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. എട്ടു വ്യോമസേനാംഗങ്ങളും അഞ്ചു യാത്രക്കാരുമായി വ്യോമത്താവളത്തിലേക്ക് ജൂണ്‍ മൂന്നിനു പുറപ്പെട്ട വിമാനമാണ് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമായി.
Discussion about this post