ദുബായ്:കര്‍ണാടക നഗര വികസന ഹൗസിങ് ബോര്‍ഡ് മന്ത്രി യുടി ഖാദറിന്റെ മകളും മലപ്പുറം മഅ്ദിന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഹവ്വ നസീമ ദുബായിലെ രാജ്യാന്തര ഹോളി ഖുര്‍ആന്‍ പാരായണ മത്സര വേദിയില്‍ എത്തിയിരിക്കുന്നു. രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനെത്തിയ ഈ മിടുക്കിയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്…
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ മക്കയില്‍ ഉംറ നിര്‍വഹിക്കാന്‍ എത്തിയ ആ കുടുംബത്തിന് നഷ്ടമായത് തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിനെയാണ്. കഠിന ദുഃഖത്തിലായ യുടി ഖാദറും കുടുംബവും കുട്ടിയെ അന്വേഷിച്ച് മടുത്തു. ഒടുവില്‍ കുട്ടിയുടെ മാതാവ്, കാസര്‍കോട് ചട്ടഞ്ചാല്‍ മുണ്ടോള്‍ സ്വദേശിനിയും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ലമീസ ഹറമില്‍ തൊട്ടു കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചു, മകളെ തിരികെ കിട്ടിയാല്‍ അവളെ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിക്കുമെന്ന്.
പിറ്റേ ദിവസം ഹവ്വയെ തിരികെ ഹറമില്‍ തന്നെ കണ്ടെത്തുകയും ചെയ്തു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹവ്വ ഖുര്‍ആന്‍ പഠനത്തിനുള്ള തുടക്കം കുറിച്ചത്. 11 വയസ്സായപ്പോഴേക്കും ലക്ഷ്യം കൈവരിച്ചു. അധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനം വഴി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ് എന്നീ ഭാഷകളും പഠിച്ചെടുത്തു. ഒഴിവ് സമയത്തിലെ ഹോബി ഖുര്‍ആന്‍ പാരായണം ശ്രവിക്കലും ബുര്‍ദ ആലാപനവുമാണ്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ വനിതകള്‍ക്കായി നടത്തുന്ന രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്നി ഷെയ്ഖാ ഫാത്തിമാ ബിന്ത് മുബാറക്കിന്റെ നാമത്തില്‍ സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ മത്സരം 2016ലാണ് ആരംഭിച്ചത്.
25 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഒന്നാം സമ്മാനമായി ഏകദേശം അമ്പത് ലക്ഷം ഇന്ത്യന്‍ രൂപ(രണ്ടര ലക്ഷം ദിര്‍ഹം) നല്‍കും.
Discussion about this post