തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ശേഷം സ്റ്റേഡിയം വൃത്തിയാക്കിയ ശുചീകരണ തൊഴിലാളി മാന്‍ ഓഫ് ദ മാച്ച് പുരസ്കാര ഫ്ളക്സുമായി നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. രവീന്ദ്ര ജഡേജയായിരുന്നു ഈ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്. മികച്ച പ്രകടനത്തിന് ഒരു ലക്ഷം രൂപയാണ് പുരസ്കാരമായി ലഭിച്ചതും. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ളത് അധികമാരും അന്വേഷിച്ച് കാണില്ല. ആരാഝകരും താരങ്ങളും മത്സരം ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ മടങ്ങി പോകുന്നവര്‍ ഭൂമിക്ക് സമ്മാനിക്കുന്ന ചിലതുണ്ട്. അതാണ് മണ്ണിന് ‘ദഹിക്കാത്ത’ ആ പ്ലാസ്റ്റിക്.
ഇത്തരത്തില്‍ ഏറെ ദയനീയമായൊരു ചിത്രമാണ് ഈ ശുചീകരണ തൊഴിലാളിയുടേയത്. ഫേസ്ബുക്കിലെ ഒരു പേജ് ആ ചിത്രം പോസ്റ്റ് ചെയ്ത് ഒരു വിശദമായ പോസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ബിസിസിഐ, രവീന്ദ്ര ജഡേജ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നിവരേയെല്ലാം പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്യുന്നുണ്ട്.
പോസ്റ്റിലെ പ്രധാനഭാഗങ്ങള്‍ ഇങ്ങനെ:
രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവുമായി നില്ക്കുന്ന ചിത്രം തിരുവനന്തപുരം മറന്നിട്ടില്ല. മത്സരത്തിന് ശേഷം, സമ്മാനദാന ചടങ്ങില്‍ പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡും കൊടുക്കുന്നതും പതിവാണ്. എന്നാല്‍ എന്താണ് അതിന് ശേഷം സംഭവിക്കുന്നത്. കാണൂ.. അത് മറ്റുള്ള പലരുടേയും ബാധ്യതയായി മാറുകയാണ്.
എന്തുക്കൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്കാര വിതരണം നടത്തിക്കൂടാ..? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ സാധിക്കും. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post