തൃശ്ശൂര്‍: മകന്‍ ലഹരിക്ക് അടിമപ്പെട്ടതോടെ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ് 83കാരിയായ വൃദ്ധയ്ക്കും കൊച്ചുമകനും. വാടക കൊടുക്കാന്‍ പണം ഇല്ലാത്തതു മൂലം വീടു വിട്ട് ഇറങ്ങേണ്ടി വന്ന ഇരുവര്‍ക്കും സഹായവുമായി കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തി. നെല്ലങ്കര ആലിനു സമീപം കോളനിയില്‍ താമസിച്ചിരുന്നു വടൂക്കര ജവാന്‍ റോഡില്‍ കനകപ്പറമ്പില്‍ തങ്കമണിക്കും പത്തുവയസുള്ള ചെറുമകനും മന്ത്രി ഇടപെട്ട് താമസ സൗകര്യം ഒരുക്കുകയായിരുന്നു.
വൃദ്ധയും കുട്ടിയും തെരുവില്‍ അന്തിയുറങ്ങുന്ന വിവരം കഴിഞ്ഞദിവസമാണ് മന്ത്രി അറിഞ്ഞത്. ഉടന്‍ തന്നെ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുമായി മന്ത്രി ബന്ധപ്പെട്ടു. തുടര്‍ന്ന് യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണര്‍ വികെ രാജു വനിതാ സെല്ലിനു വിവരം കൈമാറി. തുടര്‍ന്ന് രാത്രിതന്നെ വനിതാ പോലീസ് തങ്കമണിയേയും ചെറുമകനെയും വനിതാ സെല്ലില്‍ എത്തിച്ചു.
ഇന്നലെ മന്ത്രി ഇരുവരെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. രാമവര്‍മപുരം വൃദ്ധസദനത്തില്‍ തങ്കമണിക്കും ചെറുമകനും തല്‍ക്കാലം താമസിക്കാനുള്ള സൗകര്യവും മന്ത്രി ഒരുക്കി കൊടുത്തു. മറ്റു വിവരങ്ങള്‍ അന്വേഷിച്ചശേഷം പുനരധിവാസമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചുമകന്റെ പഠനത്തിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. മകന്‍ മുരളീധരന്റെ മകനാണു തങ്കമണിയ്ക്ക് ഒപ്പമുള്ളത്. മുരളീധരന്റെ ഭാര്യ മുമ്പേ മരണപ്പെട്ടതാണ്.
Discussion about this post