തൃശ്ശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ അവശനിലയിലായ സഹോദരനെ അഗതിമന്ദിരത്തില്‍ സന്ദര്‍ശിച്ച് കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്. സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റിയ ജയചന്ദ്രനെ ഇവിടെയെത്തിയാണ് ചുള്ളിക്കാട് കണ്ടത്.
കാന്‍സര്‍ രോഗിയായ സഹോദരനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞെന്നുള്ള വാര്‍ത്തകള്‍ ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. ഒരുമണിക്കൂറോളം ചുള്ളിക്കാട് സഹോദരന്റെ അടുത്ത് ചിലവഴിച്ചു.
സഹോദരന്റെ സംരക്ഷിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെയും അഗതി മന്ദിരത്തിലെ ജീവനക്കാരോടും നന്ദി അറിയിച്ച ചുള്ളിക്കാട്, ചിലവിനുള്‍പ്പെടെ ഒരു തുക നല്‍കിയതായും അഗതിമന്ദിരം അധികൃതര്‍ പ്രതികരിച്ചു.
അതേസമയം, ജയചന്ദ്രന്റെ അവസ്ഥ സാമൂഹിക പ്രവര്‍ത്തകനായ സന്ദീപ് പോത്താനിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. താന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ബാലചന്ദ്രന് ചുള്ളിക്കാടിനോട് വിരോധമുള്ളവര്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നെന്നും സന്ദീപ് പോത്താനി ആരോപിച്ചു. ചിലരുടെ ഇടപെടല്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തത്. സഹോദരങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവസാനിക്കരുതെന്ന് കരുതുന്ന നാട്ടുകാരായ ചിലര്‍ തന്നെയാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. ബാലചന്ദ്രന് ചുള്ളിക്കാടിനെ പോലെ ഇവരുടെ സഹോദരിയും ജയചന്ദ്രനെ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സഹോദരനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് സന്ദീപ് പോത്താനി വ്യക്തമാക്കി. സഹോദരനെ സന്ദര്‍ശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തിയ്യതി മാത്രമേ എത്താന്‍ സാധിക്കൂ എന്നായിരുന്നു അറിച്ചിരുന്നെന്നും സന്ദീപ് പറയുന്നു.
ആദ്യം മുതല്‍ തന്നെ ബാലചന്ദ്രന് ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു, കഴിഞ്ഞ ദിവസവും ബാലചന്ദ്രന് ചുള്ളിക്കാട് വിളിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വരാന്‍ സന്നദ്ധനാണെന്ന തരത്തിലായിരുന്നു സംസാരിച്ചത്. നിലവിലെ സാഹചര്യത്തില്‍ സഹോദരനെ തിരുവനന്തപുരത്ത് കൊണ്ട് പോയി സംരക്ഷിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാല്‍ അഗതി മന്ദിരത്തില്‍ തുടരാനാണ് തീരുമാനിച്ചതെന്നും സന്ദീപ് വെളിപ്പെടുത്തുന്നു. വിഷയത്തില്‍ ദിവസങ്ങളായി തുടരുന്ന വാക്പോരും വിവാദങ്ങളും ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സന്ദര്‍ശനത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്ദീപ് പറയുന്നു.
Discussion about this post