തൃശ്ശൂര്‍: നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനാകുന്നു. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച വളവനാട് വച്ചു നടന്നു.
സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം. ശേഷം കണിച്ചുകുളങ്ങരയില്‍ സിനിമാരാഷ്ട്രീയ സാമൂഹ്യരംഗത്തെ ആളുകള്‍ക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും. അനൂപ് തന്റെ ഫേസ്ബുക്കിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന് പങ്കുവച്ചിരിക്കുന്നത്. ഒപ്പം ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയെപ്പോലെ തന്നെ കൃഷിയെ സ്നേഹിക്കുന്ന അനൂപിന്റ ജീവിത സഖിയും കൃഷിയെ ഏറെ സ്‌നേഹിക്കുന്നയാളാണ്. ബിടെക്ക് പൂര്‍ത്തിയാക്കിയ ലക്ഷ്മി കര്‍ഷകയാണ്.
‘അച്ഛന്റെ അടുത്ത സുഹൃത്ത് രാജമുഹമ്മദ് വഴിയാണ് ലക്ഷ്മിയെ കുറിച്ച് അറിയുന്നതും പോയി കണ്ടതും. കര്‍ഷകയാണെന്നു കേട്ടതോടെ താല്പര്യം കൂടി.
സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടുതന്നാണ് ലക്ഷ്മി തങ്ങളെ സ്വീകരിച്ചത്.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ലക്ഷ്മിയാണ് എന്റെ ജീവിത സഖിയെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു, അനൂപ് ചന്ദ്രന്‍ പറഞ്ഞു
ആലപ്പുഴ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. അച്ഛന്‍ രാമചന്ദ്ര പണിക്കര്‍. അമ്മ ചന്ദ്രലേഖ ദേവി. പരമ്പരാഗതമായി കര്‍ഷക കുടുംബമാണ് അനൂപിന്റേത്. അതുകൊണ്ട് തന്നെ കൃഷിയോടുള്ള സ്‌നേഹം തന്റെ രക്തത്തില്‍ ഉള്ളതാണെന്ന് അനൂപ് പറയുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പഴന്തുണി കോശി എന്ന കഥാപാത്രം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. തുടര്‍ന്ന് രസതന്ത്രം, വിനോദയാത്ര, ഷേക്സ്പിയര്‍ എം എ മലയാളം, മിന്നാമിന്നിക്കൂട്ടം എന്നീ സിനിമകളിലും ശ്രദ്ധേയ റോളുകളിലെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അനൂപ് അവസാനമായി അഭിനയിച്ചത്.
സ്‌കൂള്‍ കാലം മുതല്‍ നാടകവേദികളില്‍ സജീവമായിരുന്നു അനൂപ്. പഠനം ചേര്‍ത്തല സ്‌കൂളിലും ചേര്‍ത്തല എന്‍എസ്എസ് കോളജിലും. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. നാടകവേദികളില്‍നിന്നു സിനിമയിലേക്കെത്തി.
Discussion about this post