പാലക്കാട്: ബാലഭാസ്കറിന്റെ മരണത്തില്‍ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിക്ക് പങ്കുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തള്ളി ആശുപത്രി അധികൃതര്‍. പതിനഞ്ച് വര്‍ഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ. രവീന്ദ്രന് പറഞ്ഞു. ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നെന്നും സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. ബാലഭാസ്കറിന്റെ ബന്ധുവായ പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഇവര്‍ പറഞ്ഞു.
തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന് വിശദമാക്കി. സ്ഥാപനം എന്ന രീതിയില്‍ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കിയിട്ടുണ്ടെന്നും പൂന്തോട്ടം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ബാലഭാസ്കറിന്റെ കയ്യില്‍ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്താണ് പ്രകാശ് തമ്പിയെന്നും ഒപ്പമുണ്ടായിരുന്ന അര്‍ജുനെ ചെറുപ്പം മുതല്‍ ബാലുവിന് അറിയാമെന്നും രവീന്ദ്രന് വിശദീകരിച്ചു.
അതേസമയം, എന്തെങ്കിലും മിണ്ടിയാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് പൂന്തോട്ടം അധികൃതരുടെ നിലപാടെന്ന് ബാലഭാസ്കറിന്റെ അച്ഛന് കെസി ഉണ്ണി കുറ്റപ്പെടുത്തി. ബാലഭാസ്കറിന് ഡോക്ടറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. അത് ബാലഭാസ്കര്‍ തന്നോട് പറഞ്ഞിട്ടുള്ളതാണ്.എന്തെങ്കിലും സംസാരിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് പൂന്തോട്ടം അധികൃതരുടെ രീതി. മാനനഷ്ടക്കേസിന് മറുപടി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വീടുമായി ബാലഭാസ്കര്‍ നല്ല ബന്ധത്തില്‍ ആയിരുന്നു സഹകരിക്കാതിരുന്നത് ലക്ഷ്മിയായിരുന്നെന്നും കെസി ഉണ്ണി തിരുവനന്തപുരത്ത് പറഞ്ഞു. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നതു വരെ തന്റെ സംശയങ്ങള്‍ നിലനില്‍ക്കുമെന്നും കെസി ഉണ്ണി പറഞ്ഞു. കുടുംബവുമായി ബാലുവിന് ബന്ധമില്ലെന്ന പൂന്തോട്ടം ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെസി ഉണ്ണി പറഞ്ഞു.
Discussion about this post