ആരോഗ്യത്തിന്റെ കാര്യത്തിലും പനീറിന് നല്ല ഗുണങ്ങളാണ്. പനീര്‍ മസാല കറി, ഫ്രൈ എന്നിവയാണ് സാധാരണയായി ഉണ്ടാക്കാറ്. എന്നാല്‍ പനീര്‍ കൊണ്ടൊരു കിടിലന്‍ മധുരപലഹാരം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, കലാകണ്ഠ്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
പനീര്‍ ഗ്രേറ്റ് ചെയ്തത് – 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – അര ടിന്‍
പാല്‍പ്പൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ബദാം, പിസ്ത അരിഞ്ഞത് – കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
നെയ്യ് – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാവുമ്പോള്‍, അതിലേക്ക് അരിഞ്ഞ ബദാമും പിസ്തയും വറുക്കണം. ചെറുതായി നിറം മാറിയാല്‍ ഇവ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം. അതേ പാനില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഒഴിച്ച്, അതിലേക്ക് പനീറും പാല്‍പ്പൊടിയും ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് മിതമായ തീയില്‍ വേവിക്കുക. ആറ് മിനിട്ടാവുമ്പോഴേക്കും കൂട്ട് കട്ടിയാവാന്‍ തുടങ്ങും. ഇതിനിടയില്‍ അല്‍പം കുഴിയുള്ളൊരു പാത്രമെടുത്ത് അതില്‍ അല്‍പം നെയ്യ് പുരട്ടിവെയ്ക്കുക. ഏഴ് മിനിറ്റ് കൂടി പനീര്‍ മിശ്രിതം വേവിക്കാം. നന്നായി കട്ടിയായ ശേഷം നെയ്യ് പുരട്ടി പാത്രത്തിലേക്ക് ഇത് മാറ്റുക. സ്പൂണ്‍ കൊണ്ട് നിരപ്പാക്കി, വറുത്ത നട്‌സ് വിതറി ചൂടാറാന്‍ വെയ്ക്കാം. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചശേഷം മുറിച്ച് കഴിക്കാം.
Discussion about this post