ദുബായ്: പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. പെണ്‍സുഹൃത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന 39കാരനാണ് വാട്സ്ആപ്പിലൂടെ സന്ദേശം അയച്ചത്. ആറ് മാസത്തെ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
സംഭവം നടക്കുന്നതിന് ഏഴ് മാസം മുമ്പാണ് താന്‍ പ്രതിയുമായി കണ്ടുമുട്ടിയത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ സഹോദരന്റെ സുഹൃത്തെന്ന നിലയിലായിരുന്നു പരിചയം. ടാക്സി ഡ്രൈവറായ ഇയാള്‍ ഇടയ്ക്ക് തന്നെ വാഹനത്തില്‍ കൊണ്ടു പോകുമായിരുന്നുവെന്നും യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് ഇയാള്‍ യുവതിയുടെ കൈയില്‍ നിന്ന് 2500 ദിര്‍ഹം കടമായി വാങ്ങി. സഹോദരനില്‍ നിന്ന് 2000 ദിര്‍ഹവും വാങ്ങിയിരുന്നു. മൂന്ന് മാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കാലാവധി കഴിഞ്ഞും പണം കിട്ടാതെ വന്നപ്പോള്‍ യുവതി ഇക്കാര്യം ചോദിച്ചതാണ് ഇയാളെ പ്രകോപിച്ചത്.
തുടര്‍ന്ന് വാട്സ്ആപ് വഴി നിരവധി ഭീഷണി സന്ദേശങ്ങളയച്ചു. കൊല്ലുമെന്നായിരുന്നു ഇതിലധികവും. മെസേജുകള്‍ സഹിതം യുവതി പരാതി നല്‍കിയതോടെ പോലീസ് ഇയാളെ കുടുക്കി . പ്രോസിക്യൂഷന് അധികൃതര്‍ക്ക് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ അയച്ച മെസേജുകള്‍ വിവര്‍ത്തനം ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണയ്ക്കൊടുവില് കോടതി ആറ് മാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ആറുമാസത്തെ ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാട് കടത്തും.
Discussion about this post