ഓവല്‍: ഐസിസി ലോകകപ്പിലെ ആദ്യത്തെ മത്സരത്തിന് ഇറങ്ങുന്നതിനു മുമ്പ് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി മാധ്യമങ്ങളുടെ ബഹിഷ്കരണം. നാളെ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനമാണ് മാധ്യമങ്ങള്‍ ബഹിഷ്കരിച്ചത്. ടീം മാനേജ്മെന്റ് വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ നെറ്റ് ബോളേഴ്സിനെ അയച്ചതിനെ തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് പ്രതികരിച്ചത്.
നെറ്റ് ബോളേഴ്സായ ദീപക് ചാഹര്‍, ആവേഷ് ഖാന്, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. ഇത് മാധ്യമങ്ങള്‍ക്ക് അവഹേളനമായി അനുഭവപ്പെടുകയായിരുന്നു. ടീം ഇന്ത്യയുടെ പരിശീലകന് രവി ശാസ്ത്രിയേയോ നായകന് വിരാട് കോഹ്ലിയേയോ പ്രതീക്ഷിച്ച മാധ്യമങ്ങളെ കാത്തിരുന്നത് ലോകകപ്പില്‍ ടീമില്‍ നിന്നും പുറത്തുപോകുന്ന നെറ്റ് ബോളേഴ്സായിരുന്നു. ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ടീം മാനേജ്മെന്റിന്റെ ഭാഗമായുള്ള വ്യക്തികള്‍ക്കെ അവകാശമുള്ളു എന്ന ചട്ടമാണ് ഇന്ത്യ ലംഘിച്ചത്.
അതേസമയം നെറ്റ് ബോളേഴ്സായ ദീപക് ചാഹറും, ആവേശ് ഖാനും ടീം വിടുന്നതായും അവര്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും ഇന്ത്യന്‍ ടീം മാനേജുമെന്റ് വിശദീകരിക്കുന്നു.
എന്നാല്‍, 2015 ലോകകപ്പില്‍ അന്നത്തെ നായകന് എംഎസ് ധോണി എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതായും ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിവരങ്ങള്‍ പങ്കുവെച്ചിരുന്നതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post