കൊച്ചി: നിപ്പാ ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ്പാ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന് ഇടയ്ക്കിടയ്ക്ക് ബോധക്ഷയം സംഭവിക്കുന്നുണ്ടായിരുന്നു. ഇതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഭക്ഷണത്തോടും മരുന്നുകളോടും രോഗി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗി ചെറുതായി സംസാരിച്ചുതുടങ്ങിയിട്ടുണ്ട്. യുവാവിനോട് തന്നെ ചോദിച്ച് മനസിലാക്കിയാല്‍ മാത്രമേ നിപ്പായുടെ ഉറവിടം കണ്ടെത്താനാകൂ. അതിന് അല്‍പ്പം കൂടി ആരോഗ്യം മെച്ചപ്പെടേണ്ടതുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ഒരു മാസം ഇയാള്‍ എവിടെയെല്ലാം പോയി, ആരോടെല്ലാം സംസര്‍ഗം പുലര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ കണ്ടത്തേണ്ടതുണ്ട്.
അതേസമയം, രോഗിയുമായി അടുത്തിടപഴകിയ 90 പേര്‍ നിരീക്ഷണത്തിലാണ്. ജലദോഷമോ ചുമയോ പോലെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണം. പനി ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്ക് പോകരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രോഗിയുമായി അടുത്തിടപഴകിയ നാലുപേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ ബാധിച്ചിട്ടുണ്ട്. അവരും നിരീക്ഷണത്തിലാണ്. എന്നാല്‍ ആശങ്ക വേണ്ടെന്നും എല്ലാ കരുതലുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post