തിരുവനന്തപുരം: ഇല്ലാത്ത കാന്‍സറിന് വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തില്‍ അടിയന്തിരമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ഉത്തരവിട്ടു.
സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടിയന്തിര വിശദീകരണം നല്‍കണം. കേസ് ജൂലൈ രണ്ടിന് പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജുമാണ് കമ്മീഷനെ സമീപിച്ചത്.
ആലപ്പുഴ കുടശനാട് സ്വദേശി രജനി(38)യ്ക്കാണ് ഇല്ലാത്ത കാന്ഡസറിന്റെ പേരില്‍ ദുരിതമനുഭവിക്കേണ്ടിവന്നത്. സര്‍ക്കാര്‍ ലാബിലെ റിപ്പോര്‍ട്ട് വൈകുമെന്നതുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ചികിത്സ നടത്തിയതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്.
മാറിടത്തിലെ മുഴ അര്‍ബുദമാണെന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഡയനോവ ലാബ് നല്കിയപരിശോധനാഫലം. യുവതിയായതിനാല്‍ ഈ റിപ്പോര്‍ട്ട് കിട്ടി ഉടന്‍ ഡോക്ടര്‍മാര്‍ രജനിക്ക് കീമോ തെറാപ്പി നടത്തി. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളേജിലെയും തിരുവനന്തപുരം ആര്.സി.സി.യിലെയും പരിശോധനയില്‍ അര്‍ബുദമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത് ആദ്യ കീമോ തെറാപ്പിക്കുശേഷമാണ്. ഇതില്‍ അര്‍ബുദമില്ലെന്നായിരുന്നു കണ്ടെത്തല്‍. വീഴ്ച ബോധ്യപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്കിയ സാമ്പിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും അര്‍ബുദം കണ്ടെത്താനായില്ല. അതോടെ സാമ്പിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ച് പരിശോധന നടത്തി. അതിലും അര്‍ബുദം കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കി.
Discussion about this post