കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പാ ബാധിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് നിന്ന് ആറംഗ വിദഗ്ധ സംഘം കൊച്ചിയിലേയ്ക്ക് തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് സംഘം യാത്ര തിരിച്ചത്.
മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ധ സംഘമാണ് കോഴിക്കോട് നിന്ന് പുറപ്പെട്ടിരിക്കുന്നത്. രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച് അസിസ്റ്റന്റും സംഘത്തില്‍ ഉണ്ട്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ആരോഗ്യമന്ത്രി കൊച്ചിക്ക് തിരിച്ചത്.
കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടര്‍നടപടികള്‍ കൈകൊള്ളുക. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ്പാ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകളാണ് ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. ആയതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post