ജീവിതം സ്വപ്നമിശ്രിത പാനീയമാക്കിയ എഴുത്തുകാരി….. പ്രണയത്തിനുവേണ്ടി ജീവിച്ചു… പ്രണയിച്ച് മരിച്ചു..മലയാളത്തിലെ അനശ്വര എഴുത്തുകാരി മാധവിക്കുട്ടി അസ്തമിച്ചിട്ട് ഇന്നേക്ക് പത്ത് വര്‍ഷം… ആമി ,മാധവിക്കുട്ടി, കമലദാസ്, കമല സുരയ്യ എന്നീ വ്യത്യസ്ത മുഖങ്ങളില്‍ അടയാളപ്പെടുന്ന, മലയാളം കണ്ട എഴുത്താളില്‍ ഏറ്റവും ആദരവ് അര്‍ഹിക്കുന്ന, ഈ നാലപ്പാട്ടുകാരി മലയാളത്തിനായി സമ്മാനിച്ചത് തികച്ചും പച്ചയായ ജീവിതകഥകള്‍.
1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലാപ്പാട്ട് തറവാട്ടില്‍ എഴുത്തുകാരി ബാലാമണിയമ്മയുടെയും വിഎം നായരുടെയും മകളായി ജനിച്ച മാധവിക്കുട്ടിയുടെ കൃതികളില്‍ ഇന്നും വായനാക്കാരെ ഏറെ ആകര്‍ഷിക്കുന്നതാണ് എന്റെ കഥ എന്ന ആത്മകഥ. മറ്റാര്‍ക്കുമില്ലാത്ത ഒരു മാനസികലോകം സ്ത്രീകള്‍ക്കുണ്ടെന്നും അത് സദാചാരസങ്കല്‍പ്പങ്ങളെ മുഴുവന്‍ വെല്ലുവിളിക്കാന്‍ പ്രാപ്തമാവാമെന്നും എന്റെ കഥയിലൂടെ മാധവിക്കുട്ടി ലോകത്തെ അറിയിച്ചു. ഈയൊരു തുറന്നെഴുത്ത് വന്‍വിവാദങ്ങളിലേക്ക് എത്തിച്ചപ്പോള്‍ എന്റെ കഥ തന്റെ ആത്മകഥയല്ലെന്ന് വരെ മാധവിക്കുട്ടിക്ക് പറയേണ്ടിയും വന്നു.
എന്നിരുന്നാലും മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും പ്രണയവും സ്ത്രീ പുരുഷബന്ധവും ഇത്രത്തോളം തീവ്രമായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരിയില്ല. പ്രണയത്തിന് വേണ്ടി മതത്തിന്റെ പുറംചട്ടകള്‍ പോലും വലിച്ചു കീറാന്‍ മാധവിക്കുട്ടിക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.. സമൂഹത്തിന്റെ എതിര്‍പ്പും അവരെ പിന്തിരിപ്പിച്ചില്ല. അടിച്ചേല്‍പ്പിക്കപ്പെട്ട കപട സദാചാരങ്ങളായിരുന്നു അവരുടെ വിയോജിപ്പുകളുടെ ഇരകളായിരുന്നത്. കുടുംബമെന്ന ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിയ കേരള സ്ത്രീത്വത്തിന് സ്വന്തം വികാരങ്ങളെ മനസിലാക്കാനും ഉയര്‍ന്ന് പറക്കാനും പ്രചോദിതയായ എഴുത്തുകാരി, മാധവിക്കുട്ടിക്ക് ശേഷം ഒരു സ്ത്രീയുടെ ജീവിതം പച്ചയായി വെളിപ്പെടുത്താന്‍ കഴിഞ്ഞ ഒരു കഥാകാരിയും പിറന്നിട്ടില്ലെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.
പക്ഷിയുടെ മണം , നെയ്പ്പായസം, തണുപ്പ്, ചന്ദനമരങ്ങള്‍, തുടങ്ങിയ ചെറുകഥകളും നീര്‍മാതളം പൂത്തകാലം എന്ന നോവലും മാധവിക്കുട്ടിയുടെ പുറത്തിറങ്ങിയ മറ്റ് കൃതികളാണ്. ഒട്ടനവധി സാഹിത്യ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഈ എഴുത്തുകാരി വായനക്കാരുടെ മനസ്സില്‍ എന്നും അനശ്വരമായിരിക്കും. ആര്‍ക്കും പിടികൊടുക്കാതെ അടിമുടി കലാകാരിയായി നമുക്കിടയില്‍ ജീവിച്ച് കടന്നു പോയ ഈ പെണ്‍തൂലികയ്ക്ക് പ്രണാമം.
Discussion about this post