ന്യൂഡല്‍ഹി: തുടക്കം മുതല്‍ പ്രധാനമന്ത്രിയേയും ബിജെപി സര്‍ക്കാരിനേയും വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു സാഹിത്യകാരി അരുന്ധതി റോയ്. ഇപ്പോള്‍ ഇതാ നരേന്ദ്രമോഡി വീണ്ടും അധികാരത്തില്‍ കയറുമ്പോള്‍ വിമര്‍ശനങ്ങളില്‍ മാറ്റമില്ലാതെ തുടരുകയാണ് അവര്‍. ജനാധിപത്യത്തിന് ഏറ്റ ആക്ഷേപമാണ് ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എന്നാണ് അരുന്ധതി റോയ് ദി ന്യൂ റിപ്പബ്ലിക്കിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, സംസ്‌കാര സമ്പന്നമായ രാജ്യം ഇപ്പോള്‍ ജാതീയതയുടെയും മുതലാളിത്ത വ്യവസ്ഥയുടെയും കൈപ്പിടിയിലാണ്. ഇതിന്റെ കാരണം മോഡി മാത്രമാണ്. അതിന് മോഡിക്ക് ലഭിക്കുന്ന പ്രതിഫലം എന്താണെന്ന് ചോദിച്ചാല്‍ ചായക്കടക്കാരനായിരുന്ന ആള്‍ ഇപ്പോള്‍ ധരിക്കുന്ന 16,000 ഡോളര്‍ വില വരുന്ന സ്യൂട്ടുകളാണ് ഉത്തരമെന്നും അരുന്ധതി തുറന്നടിക്കുന്നു.
അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസില്‍’ മോഡി എന്ന പേര് ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ മോഡിയുടെ ഹിന്ദുരാജ്യം എന്ന വീക്ഷണമാണ് പുസ്തകത്തിലെ പ്രമേയം. ഞാനൊരിക്കലും ഇത് പറയാന്‍ പാടില്ല. എന്നാലും പറയുകയാണ്. ഒരു നോവലിന് ശത്രു ഉണ്ടായിരിക്കുകയാണ്. അത് ഒരാളല്ല. ഒരു ആശയമാണ്. ‘ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ’ എന്ന മോദിയുടെ ഹിന്ദുത്വ ആശയമാണ് എന്റെ നോവലിന്റെ ശത്രു- അരുന്ധതി പറയുന്നു.
വീണ്ടും മോഡി വരികയാണ്, മുമ്പത്തേക്കാള്‍ ശക്തനായി. ഒരു ദൈവത്തെപ്പോലെയാണ് മോഡിയെ പലരും ആരാധിക്കുന്നത്. അത് നമ്മള്‍ അംഗീകരിച്ചേ മതിയാകൂവെന്നും അരുന്ധതി സമ്മതിക്കുന്നു. 1997-ല്‍ മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത് അരുന്ധതിയുടെ ആദ്യ നോവലായ ‘ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി’നായിരുന്നു. അതില്‍ തീര്‍ത്തും സാങ്കല്‍പ്പികമായ കാര്യങ്ങളാണ് പറഞ്ഞത്. എന്നാല്‍ അരുന്ധതിക്ക് അങ്ങനെ അറിയപ്പെടാന്‍ താല്‍പര്യമില്ലായിരുന്നു. ‘ഒരു പുസ്തകമെഴുതിയ സുന്ദരിയായ പെണ്ണ്’ എന്ന് അറിയപ്പെടേണ്ടായിരുന്നു. തന്റേതായ നിലപാടുകളുള്ള വ്യക്തമായ രാഷട്രീയം പറയുന്ന സ്ത്രീയാണ് താന്‍. പിന്നീടുള്ള റോയിയുടെ എഴുത്തുകളിലും ചര്‍ച്ചകളിലും തുറന്നു പറച്ചിലുകളിലും അത് കാണാനും സാധിച്ചിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പറയുന്നു.
Discussion about this post