തേഞ്ഞിപ്പലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുവേണ്ടി മൂന്നിയൂര്‍ കളിയാട്ടക്കാവിലേക്ക് പൊയ്ക്കുതിരകള്‍. ബിജെപി വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റിയാണ് മോഡിക്കായി കുതിരയൊരുക്കിയത്.
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലേറിയാല്‍ കളിയാട്ടക്കാവിലേക്ക് പൊയ്ക്കുതിര നല്‍കാമെന്ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എഒ ജഗന്നിവാസന്‍ വഴിപാട് നേര്‍ന്നിരുന്നു. പാരമ്പര്യമായി പൊയ്ക്കുതിര കെട്ടാന്‍ അവകാശമുള്ള സാംബവന്‍ വെള്ളാരി അപ്പുട്ടിയും സംഘവുമാണ് കുതിരകള്‍ തയ്യാറാക്കിയത്.
രണ്ട് നാള് ഊരു ചുറ്റിയശേഷം വെള്ളിയാഴ്ച കളിയാട്ട ദിനത്തില്‍ ഈ കുതിരകളും കാവുതീണ്ടും. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് പി ജയന്നിദാസന്, അഭിഭാഷക പരിഷത്ത് സംസ്ഥാനസമിതി അംഗം അഡ്വ അരവിന്ദന് എന്നിവര്‍ എത്തി. വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ ജയിച്ച് കയറിയ നരേന്ദ്ര മോഡി നയിക്കുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കും.
Discussion about this post