കോട്ടയം: കെട്ടിടത്തിന്റെ ഉടസ്ഥതാവകാശം മാറ്റുന്നതിനായി കൈക്കൂലി വാങ്ങിയ നഗരസഭയുടെ നാട്ടകം മേഖലാ കാര്യാലയത്തില്‍ റവന്യു ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയര്‍ ക്ലാര്‍ക്ക് എംടി പ്രമോദിന്(49) പിടിവീണു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സാണ് ഇയാളെ പിടികൂടിയത്. നാട്ടകം സ്വദേശിയില്‍ നിന്നു 12000 രൂപ കൈക്കൂലിയായി വാങ്ങിയതിനാണു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം റവന്യു ഇന്‍സ്പെക്ടര്‍ വിരമിച്ചതോടെ പ്രമോദിനായിരുന്ന താല്‍ക്കാലിക ചുമതല. ഇത് മുതലെടുത്ത് കൈക്കൂലി വാങ്ങല്‍ പതിവാക്കിയിരുന്നു എന്നാണ് വിവരം. അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഫെബ്രുവരിയിലാണു നാട്ടകം സ്വദേശി അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം, കെട്ടിട കൈവശാവകാശ പത്രത്തിന് അപേക്ഷ നല്കിയാല് 15 ദിവസത്തിനകം തീര്‍പ്പ് കല്പ്പിക്കണം എന്നാണ്. എന്നാല്‍, 3 മാസങ്ങള്‍ പിന്നിട്ടിട്ടും ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടികള്‍ക്ക് മുന്‍കൈയ്യെടുക്കാതെ രേഖകള്‍ പാസാക്കണമെങ്കില്‍ 12000 രൂപ വേണമെന്നാണ് പ്രമോദ് ആവശ്യപ്പെട്ടത്.
ഇതോടെ, അപേക്ഷകന് കോട്ടയം വിജിലന്‍സ് എസ്പി വിജി വിനോദ് കുമാറിനു പരാതി നല്കി. തുടര്‍ന്ന് വിജിലന്‍സ് സംഘം നല്കിയ നോട്ടുകള്‍ ഉദ്യോഗസ്ഥനു നല്കി. പ്രമോദ് അപേക്ഷയില്‍ ഒപ്പിട്ടതിനു പിന്നാലെ വിജിലന്‍സ് സംഘമെത്തി പരിശോധനയില്‍ നോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് പ്രമോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോള്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. കൈക്കൂലി വാങ്ങുന്നതായി പരാതികള്‍ ലഭിച്ചതിനാല്‍ പ്രമോദ് നിരീക്ഷണത്തിലായിരുന്നെന്നു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്കുമാര്‍ പറഞ്ഞു.
Discussion about this post