ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം കത്തി നില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത ‘ചൗക്കീദാര്‍’ എന്ന വാക്ക് ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റു ബിജെപി നേതാക്കളും ഒഴിവാക്കി. ‘ ചൗക്കീദാര്‍’ എന്നാല്‍ മലയാളത്തില്‍ കാവല്‍ക്കാരന്‍ എന്നാണ് അര്‍ത്ഥം. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന അര്‍ത്ഥത്തിലാണ് മോഡിയും മറ്റ് നേതാക്കളും പേരിനൊപ്പം ഈ വാക്ക് കൂട്ടിച്ചേര്‍ത്തത്.
മാര്‍ച്ച് 17-നാണ് ഇവര്‍ ട്വിറ്റര്‍ യൂസെര്‍നെയിമില്‍ ‘ചൗക്കീദാര്‍’ എന്ന് കൂട്ടിച്ചേര്‍ത്തത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ‘ചൗകീദാര്‍’ എന്ന വാക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഇത് മാറ്റാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ വിജയം കൈപ്പിടിയില്‍ തന്നെ ഒതുക്കിയ മോഡിയും നേതാക്കന്മാരും പേരിനൊപ്പമുള്ള ‘ചൗകീദാര്‍’ ഒഴിവാക്കുകയായിരുന്നു.
ട്വിറ്ററില്‍ നിന്ന് ചൗകീദാര്‍ എന്ന വാക്ക് ഒഴിവാക്കുകയാണ്. കാവല്‍ക്കാരന്റെ (ചൗക്കീദാര്‍) ഭാവാര്‍ഥത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനുള്ള സമയമായി. രാജ്യപുരോഗതിക്ക് പ്രവര്‍ത്തിക്കുന്നതോടൊപ്പം രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന അര്‍ഥത്തിനു കൂടുതല്‍ വീര്യം പകരേണ്ടതുമുണ്ട്. ട്വിറ്ററില്‍നിന്ന് മാത്രമാണ് ചൗക്കീദാര്‍ പോവുന്നത്. എന്നാല്‍, അതെന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു.
Discussion about this post