കോഴിക്കോട്: പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ കാലുവാരിയെന്ന ആരോപണം പരോക്ഷമായി അംഗീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ശ്രീധരന് പിള്ളയുടെ പ്രതികരണം.
ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്നും യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും ശ്രീധരന് പിള്ള ആരോപിച്ചു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി.
പത്തനംതിട്ടയില്‍ ശ്രീധരന് പിള്ള വിഭാഗം കെ സുരേന്ദ്രന്റെ കാലുവാരിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഫലം വന്നാല്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇതിനു മറുപടി പറയേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം എടുക്കലായാണ് പിള്ളയുടെ പുതിയ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നേരത്തെ, ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് പറഞ്ഞ ശ്രീധരന് പിള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ വന്ന ശേഷം ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങള്‍ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരന് പിള്ള വിശദീകരിച്ചു.
തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാല്‍ ബിജെപിക്ക് പറയത്തക്ക സാധ്യത കല്‍പ്പിക്കാത്ത എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്പില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരന് പിള്ള പറഞ്ഞു. കൂടാതെ എക്സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post