ചണ്ഡൗളി: ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ കൈയ്യില്‍ ബലംപ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യുപിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ് പരാതിയുമായി രംഗത്തെത്തിയത്. വോട്ട് ചെയ്യുന്നതിന് മുന്‍പായി ശനിയാഴ്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടിയെന്നാണ് ഗ്രാമവാസികളുടെ ആരോപണം.
‘ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു’ ഗ്രാമവാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചൗണ്ഡൗളി എസ്ഡിഎം ഹാര്‍ഷ് പറഞ്ഞു. പരാതി പ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് ഇനിയും വോട്ടു ചെയ്യാം.
ബലം പ്രയോഗിച്ചാണ് അവരുടെ കൈയ്യില്‍ മഷി പുരട്ടിയതെന്ന് അവര്‍ എഫ്ഐആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 59 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post