തിരുവനന്തപുരം: നൂറ്റാണ്ടിന്റെ പ്രളയം ഒരു സൂചനയുമില്ലാതെ കേരളത്തെ വിഴുങ്ങിയിട്ടും തളരാതെ ഒരേ മനസായി ഇറങ്ങിത്തിരിച്ച് ഫലപ്രദമായി ദുരന്തത്തെ തരണം ചെയ്ത ജനതയാണ് ഈ സംസ്ഥാനത്തുള്ളത്. മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രകൃതി ദുരന്തത്തെയാണ് മലയാളികള്‍ ഒറ്റക്കെട്ടായും ലോകമെമ്പാടുനിന്നുള്ള സഹായത്തോടെയും സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കൈമുതലാക്കി നേരിട്ടത്.
എന്നാല്‍, നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിട്ടിട്ടുള്ള ഒഡീഷ സംസ്ഥാനത്തിന്റെ സ്ഥിതി സമാനമായിരുന്നില്ല. ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തകര്‍ന്നുപോവുകയായിരുന്നു ആ സംസ്ഥാനം. ഫോനി ദുരന്തം വിതച്ചിട്ട് 12 ദിവസത്തോളം പിന്നിട്ടിട്ടും വൈദ്യുതിയോ ഇന്റര്‍നെറ്റ് സംവിധാനങ്ങളോ പുനഃസ്ഥാപിക്കാന്‍ ഇനിയുമായിട്ടില്ല. എന്തിന് കുടിവെള്ളമോ ഭക്ഷണമോ പ്രാഥമിക ആവശ്യങ്ങളായ വസ്ത്രങ്ങളോ പോലും ഒഡീഷ ജനതയ്ക്ക് ഇപ്പോഴും അന്യമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് പോലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണ നിലയിലേക്ക് എത്താന്‍ ഇനിയും ഏറെ സഞ്ചരിക്കണം ഈ സംസ്ഥാനത്തിന്. ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് നിസ്സഹായരായ ജനങ്ങള്‍ കലാപം അഴിച്ചുവിടുകയാണ് ഒഡീഷയിലെ തെരുവുകളില്‍. ദുരരന്ത ബാധിതരെ ആശ്വസിപ്പിക്കാന്‍ അവരുടെ ഭാഷപോലും വശമില്ലാത്ത, 19 വര്‍ഷമായി അവരെ നയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് സാധിക്കുന്നുമില്ല.
ഇത്രയേറെ ഗുരുതരമായ സ്ഥിതി വിശേഷമായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ രാജ്യത്തിന്റെ ശ്രദ്ധ ഇവരിലേക്ക് എത്തുന്നുമില്ല. എന്നിട്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മനസിന്റെ കരുത്തുകൊണ്ടും ശക്തനായ മുഖ്യമന്ത്രിയുടെ കീഴില്‍ പ്രളയത്തെ അതിജീവിച്ച കേരളത്തോട് പലപ്പോഴും ചിലമാധ്യമങ്ങളും സോഷ്യല്‍മീഡിയയും പറയുന്നത് ഒഡീഷയെ കണ്ടുപഠിക്കണമെന്നാണ്. 14 ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ഒഡീഷ എങ്ങനെയാണ് ദുരന്തത്തെ ഫലപ്രദമായി മറികടന്നതെന്ന് കണ്ടു പഠിക്കൂ എന്ന് പലരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സൗകര്യങ്ങളില്ലാത്ത ദുരിതാശ്വാസ ക്യാംപില്‍ നരകിക്കുന്ന ജനതയെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകളെ മറച്ചുവെച്ചും ഇനിയും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ സാധാരണനിലയിലെത്താത്ത സംസ്ഥാനത്തു നിന്നും ഒരു വാര്‍ത്തയും പുറത്തെത്താത്തതുകൊണ്ടും പറ്റുന്ന അബദ്ധങ്ങള്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഫോനി വീശിയടിച്ച സമയത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴേയും പരിഹാസ കമന്റുകളുമായി ഒരു കൂട്ടം എത്തിയിരുന്നു. അവരും പറഞ്ഞത് ഒഡീഷയെ കണ്ട് പഠിക്കൂ എന്നാണ്. എന്നാല്‍ ഇവയ്ക്കെല്ലാം കൃത്യമായ മറുപടി നല്‍കിക്കൊണ്ട് ഫഹദ് മര്‍സൂക്ക് എന്ന യുവാവ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ്.
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കുന്ന ഫഹദ് മര്‍സൂക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ആക്രമണം അഴിച്ചു വിടേണ്ടി വരുന്ന ഒരു ജനതയെ കുറിച്ച് നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് സാധിക്കുന്നുണ്ടോ? 11 ദിവസമായി കുടിവെള്ളമെത്താത്ത, വൈദ്യുതിയില്ലാത്ത, ഫോണും network ഉം ഇല്ലാത്ത ചെറുപട്ടണങ്ങളും അനേകം ഗ്രാമങ്ങളും മലയാളിക്ക് പരിചിതമാണോ? നമ്മുടെ വീടിന്റെ അടുത്ത് കെട്ടിയിരിക്കുന്ന പശുതൊഴുത്തിന്റെ ഉറപ്പ് പോലുമില്ലാത്ത കുടിലുകള്‍ കാറ്റ് കൊണ്ട് പോയി നമ്മുടെ എല്‍.പി സ്കൂളിന്റെ സൗകര്യം പോലുമില്ലാത്ത ‘cyclone shelter’ ഹാളുകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെ നമ്മള്‍ക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ? ഒഡീഷയാണ്… ഫോനി സര്‍വ്വനാശം വിതച്ചിട്ട് 11 ദിവസം കഴിഞ്ഞിട്ടും ബുവനേശ്വറെന്ന തലസ്ഥാന നഗരി പോലും ഇത് വരെ നോര്‍മല്‍ സ്ഥിതി കൈവരിച്ചിട്ടില്ല… മത്സ്യ തൊഴിലാളി ഗ്രാമങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയാണ്.. കൊള്ളക്കാരാലല്ല… സ്വന്തം പട്ടിണി മാറ്റാന്‍.. പ്രിയപ്പെട്ടവര്‍ക്ക് ഒരിറ്റ് വെള്ളം കൊടുക്കാന്‍ ഗത്യന്തരമില്ലാതായ മനുഷ്യരുടെ നിസ്സഹായാവസ്ഥയാണാ ആക്രമണങ്ങള്‍…
ഒരുപാട് സുഹൃത്തുക്കള്‍ ‘ഫോനി’ ആഞ്ഞടിച്ച ദിവസങ്ങളില്‍ പലയിടത്തും ടാഗ് ചെയ്ത് വിളിച്ചു കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങളെ പരിഹസിക്കാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേജില്‍ തുരുതുരാ comment ഇട്ട് ആഘോഷിച്ചിരുന്നു… അവരൊക്കെ ആഘോഷം കഴിഞ്ഞു ഒഡീഷയിലേക്ക് നോക്കുന്നുണ്ടോ എന്നറിയില്ല.. മനസ്സുള്ളവര്‍ക്ക് നോക്കാവുന്നതാണ്… നല്ല മനസ്സുള്ളവരുടെ നോട്ടം ആ ജനതക്കിന്ന് അത്രമേല്‍ ആവശ്യമാണ്…
ഏപ്രില്‍ 24 നാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ന്യൂനമര്‍ദം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്നത്.. ഏപ്രില്‍ 29 ന് ഒഡീഷക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൃത്യമായി cyclone watch അഥവാ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് മുന്നറിയിപ്പ് നല്കി. പലതവണ ചുഴലിക്കാറ്റിനെ നേരിട്ട ജനത… 2000 മുതല്‍ ഒരേ മുഖ്യമന്ത്രി.. ‘ഫൈലിന്’, ‘ഹുദ്ഹുദ്’ തുടങ്ങിയ അതി തീവ്ര ചുഴലിക്കാറ്റുകളെ നേരിട്ട അനുഭവ പരിചയമുള്ള ഭരണ-ഉദ്യോഗസ്ഥ നേതൃത്വം… അവര്‍ക്ക് കിട്ടിയ കൃത്യമായ മുന്നറിയിപ്പുകളെ ഭംഗിയായി തന്നെ ഉപയോഗിച്ചു.. 14 ലക്ഷം ആളുകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി താമസിപ്പിച്ചു.. പരമാവധി ജീവനാശം ഒഴിവാക്കാന്‍ ഒരു സംസ്ഥാനമാകെ പണിയെടുത്തു… അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം… പക്ഷെ പ്രകൃതിയൊരിക്കലും നമ്മുടെ കണക്ക് കൂട്ടലുകള്‍ക്ക് നിന്ന് തരില്ലല്ലോ… ഇന്ന് വരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 64 മരണങ്ങളാണ്.. 1.5 ലക്ഷം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക നിഗമനം.. റിപ്പോര്‍ട്ട് ചെയ്യാനുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പോലും ആ നാട്ടില്‍ ഇപ്പോഴും നിലവില്‍ വന്നിട്ടില്ല… അത് കൊണ്ട് ഇതൊരു അവസാന കണക്കാവാന്‍ സാധ്യതയില്ല…ആ നാട് അക്ഷരാര്‍ത്ഥത്തില്‍ ക്രൈസിസിലാണ്.. അനുഭവ സമ്പത്തുള്ള അവരുടെ നേതാവിന് പോലും കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്… അദ്ദേത്തിന് ആ ജനതയെ ഒന്ന് സമാധാനിപ്പിക്കാന്‍ പോലും സാധിക്കില്ല എന്നതാണ് വാസ്തവം… ഒഡിയയോ തെലുഗോ മാത്രമറിയുന്നവരാണ് അവിടുത്തെ ആദിവാസി, മത്സ്യതൊഴിലാളി, തീരദേശവാസികളൊക്കെയായ മനുഷ്യര്‍… പക്ഷെ കഴിഞ്ഞ 19 വര്‍ഷക്കാലമായി ആ നാടിനെ നയിക്കുന്ന നേതാവിന് ഒഡിയ ഭാഷയറിയില്ല… അദ്ദേഹം എങ്ങനെയായിരിക്കും ആ ജനതയെ ചേര്‍ത്ത് nനിര്‍ത്തി ആശ്വസിപ്പിക്കുന്നതെന്നും അതിജീവനത്തിനുള്ള ആത്മവിശ്വാസം പകരുന്നതെന്നുമറിയില്ല…
ആള്പൊക്കത്തില് വെള്ളത്തില്‍ മുങ്ങിയ, അക്ഷരാര്‍ത്ഥത്തില്‍ നാട് വിറങ്ങലിച്ചു പോയ ദിനങ്ങള്‍ നമുക്കുമുണ്ടായിരുന്നു.. 15 ലക്ഷം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. മുന്പരിചയങ്ങള് നമുക്കില്ലായിരുന്നു… പരിമിതികള്‍ ഒരുപാടുണ്ടായിരുന്നു… എല്ലാത്തിനെയും മറികടന്ന് ക്യാമ്പുകളിലേക്ക് വസ്ത്രവും ഭക്ഷണവും ഒഴുകിയെത്തി… ഒരു നാടൊന്നാകെ സന്നദ്ധ പ്രവര്‍ത്തകരായി മാറി… ലോകത്തിന്റെ മുഴുവന്‍ സഹായം ഇവിടേക്കെത്തി.. പ്രതിസന്ധിഘട്ടത്തില്‍ ഓണത്തിനൊരുങ്ങിയ നാടാണിതെന്നും പറഞ്ഞ് മുന്നില്‍ നിന്ന് നയിക്കാന്‍ നമുക്കൊരു നേതാവുണ്ടായിരുന്നു.. ഒരിക്കല്‍ പോലും പതറാതെ അക്ഷരാര്‍ത്ഥത്തില്‍ crisis manager ആയി അയാള്‍ മാറി… തന്റെ ജനതക്ക് വേണ്ടി ആരോടും സഹായം യാചിക്കാന്‍ മടികാണിച്ചില്ല.. എല്ലാവരെയും കൂട്ടിപിടിച്ചു.. എല്ലാ വൈര്യങ്ങളും മറന്ന് നാടിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നായി.. ഒരേ മനസ്സായി… പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ദുരന്ത മുഖത്ത് എങ്ങനെയാകണം രാഷ്ട്രീയ നേതൃത്വമെന്ന് രാജ്യത്തിനു തന്നെ മാതൃക കാണിച്ചു കൊടുത്തു… കുത്തിതിരിപ്പുകാര്‍ക്ക് ഇളിഭ്യരാകേണ്ടി വന്നു…നാലാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഒരു മന്ത്രിയുടെ കീഴിലുള്ള വൈദ്യുതി വകുപ്പ് പോസ്റ്റുകള്‍ മുങ്ങിപ്പോകുമുയരത്തില്‍ വെള്ളം പൊങ്ങിയ ഇടങ്ങളില്‍ രാപ്പകലില്ലാതെ പണിയെടുത്ത് വൈദ്യുതി ബന്ധം ഞൊടിയിടയില്‍ പുനസ്ഥാപിക്കുന്നത് കണ്ട് രാജ്യം തന്നെ അദ്ഭുതപ്പെട്ടു…ചളി നിറഞ്ഞു കൂടിയിരുന്ന വീടുകള്‍ ‘നമുക്കൊന്നിച്ച് ഇറങ്ങല്ലേ’ എന്നൊരൊറ്റ ആഹ്വാനമേറ്റെടുത്ത ഒരു ജനത ലോകത്തിന് തന്നെ അദ്ഭുതമായി.. കേന്ദ്ര സംഘത്തോടൊപ്പം വെള്ളം കയറിയ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടി വന്നപ്പോള്‍ ഇവിടങ്ങളിലൊക്കെ തെങ്ങിലുമുയരത്തില്‍ വെള്ളം പൊങ്ങിയിരുന്നു എന്നവരെ ബോധ്യപ്പെടുത്താന്‍ വല്ലാതെ പാട് പെട്ടൊരുദ്യോഗസ്ഥനാണ് ഞാന്‍…
പകര്‍ച്ച വ്യാധികള്‍ ദുരന്തങ്ങളുടെ ഏറ്റവും പ്രധാന ബാക്കിപത്രമാണ്… ഇവിടെയൊരു വനിതാ മന്ത്രിയുടെ നേതൃത്വത്തില്‍ സകല മനുഷ്യരുമിറങ്ങി പുതുചരിത്രമെഴുതിയപ്പോളും മലയാളി അതിനെ സ്വാഭാവികമെന്ന് മാത്രം മനസ്സിലാക്കി അഭിമാനിച്ചു…പറയാനെനിയുമേറെയുണ്ട്… ഇതൊക്കെ പറഞ്ഞത് പക്ഷെ നമ്മള് എല്ലാം തികഞ്ഞവര്‍ എന്ന് അഹങ്കരിക്കാനല്ല… നമ്മള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു.. പക്ഷെ ഒരു സമൂഹമെന്ന നിലക്ക് നമ്മളെങ്ങനെ അതിനെ അതിജീവിച്ചു എന്ന് നമ്മള് തന്നെ മറന്നു പോവാതിരിക്കാനാണ്…ഇന്ന് ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി ഗ്രാമത്തില്‍ നിന്നുള്ള ചെത്തുകാരന് മുണ്ടയില്‍ കോരന്റെ മകന് വിജയന് കേരളത്തിന്റെ അതിജീവന രഹസ്യം ലോകത്തോട് അത്യധികം അഭിമാനത്തോടെ വിളിച്ചു പറഞ്ഞത് നമ്മളെ ഒന്ന് കൂടി ഓര്‍മിപ്പിക്കാനാണ്… ‘മതനിരപേക്ഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹമായതിനാല്‍ ഒരേ മനസ്സോടെ നമുക്ക് ദുരന്തത്തെ നേരിടാനായി’.. അതെ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമ്മളൊന്നായി പൊരുതി അതിജീവിച്ചതാണാ ദുരന്തം… ഒരുപക്ഷെ ഒഡീഷ ഇന്ന് നേരിടുന്ന ദൗര്ബല്യങ്ങളില് പ്രധാനം അങ്ങനെയൊരു സമൂഹത്തിന്റെ അഭാവമാകാമെന്ന് തോന്നുന്നു… ആ ജനതയോടൊപ്പമാണ്… നമ്മളിലേക്ക് എത്തിയ പോലെ അവരിലേക്ക് സഹായങ്ങളെത്തുന്നില്ല… രാജ്യം തെരഞ്ഞെടുപ്പു തിരക്കുകളിലാണ്… അതിനിടയില്‍ അവരുടെ ദുരിതങ്ങള്‍ക്ക് വേണ്ട ശ്രദ്ധയും ലഭിക്കുന്നില്ല… ഒരു സമൂഹമെന്ന നിലക്ക് സാധ്യമായ ഇടപെടലുകള്‍ മലയാളികള്‍ ഇനിയും നടത്താന്‍ ശ്രമിക്കേണ്ടതുണ്ട്…
Discussion about this post