ജന്മം കൊണ്ട് മാത്രം അമ്മയാകില്ല, കര്‍മ്മം കൊണ്ട് ഏത് സ്ത്രീക്കും അമ്മയാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നീനുവിന്റെ ജീവിതം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്ന് ജീവിക്കുന്നത് കെവിന്റെ അമ്മയായ മേരിക്കൊപ്പമാണ്.
തന്റെ മകന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ മകളെ, അവര്‍ സ്വന്തം മകളെ പോലെയാണ് നോക്കുന്നത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് ആ വീട്ടില്‍ കഴിയുന്നത്. അപ്പന്, അമ്മ, മകള്‍… നാലാമത്തെയാള്‍ അവരുടെ ആരുമല്ല. എന്നിട്ടും ഒരേവീട്ടില്‍ അവര്‍ പരസ്പരം സ്നേഹിച്ചും കരുതിയും ചിരിച്ചും നഷ്ടപ്പെട്ടവനെയോര്‍ത്ത് വേദനിച്ചും ജീവിക്കുന്നു.
കഴിഞ്ഞ പതിനൊന്നു മാസത്തിനിടെ ഒരിക്കല്‍പ്പോലും വാക്കിലോ നോക്കിലോ മേരി അവളെ വേദനിപ്പിച്ചിട്ടില്ല. പകരം നിറഞ്ഞ മനസ്സോടെ അവളെ സ്നേഹിക്കുന്നു, ഒരു വാശിപോലെ.
സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയിലെ ബലിയാടായ കോട്ടയം നട്ടാശ്ശേരി പ്ളാത്തറ കെവിന്റെ വീടാണിത്. കഴിഞ്ഞ മേയ് 28-നാണ് കെവിന് കൊലചെയ്യപ്പെട്ടത്. കേസിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുന്നു. അതിരാവിലെ എണീറ്റ് പഠിക്കുന്ന നീനുവിന് കട്ടന്‍കാപ്പിയിട്ടുനല്‍കുന്നു, പ്രാതലൊരുക്കി അവളെ കഴിപ്പിക്കുന്നു. ഉച്ചഭക്ഷണം ചോറ്റുപാത്രത്തിലാക്കി എടുത്തുകൊടുക്കുന്നു. അങ്ങനെ നീളും ഇവരുടെ ഇപ്പോഴുള്ള ജീവിതം.
മേയ് 25-നാണ് നീനുവും കെവിനും വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ മുദ്രപ്പത്രം വാങ്ങി വക്കീലിനെ കണ്ടത്. പിറ്റേന്ന് ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ എത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ഉത്തരവാദപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ കൂട്ടിവാ എന്ന് രജിസ്റ്റര്‍ ഓഫീസര്‍ പറഞ്ഞ് അവരെ മടക്കിയയച്ചു. അന്ന് വിവാഹം രജിസ്റ്റര്‍ചെയ്യാനായില്ല. അന്ന് രാത്രി നീനുവിനെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിനിര്‍ത്തി. ‘രാവിലെ നമ്മള്‍ക്കു എല്ലാം ശരിയാക്കി പോയി കല്യാണം കഴിക്കാം പെണ്ണേ എന്നുപറഞ്ഞ് ചിരിച്ചോണ്ട് യാത്ര പറഞ്ഞയാളാണ്. പിന്നെ ഞാന്‍ കാണുന്നത്…” നിറകണ്ണുകളോടെ നീനു പറയുന്നു. ആ ദിവസം ഓര്‍മ്മിക്കാന്‍ നീനുവിന് ധൈര്യമില്ല. ഇടിത്തീപോലെ തന്റെ ജീവിതത്തിനുമേല്‍ ദുരന്തംപതിച്ച ദിവസമാണതെന്ന് നീനു ആവര്‍ത്തിക്കുന്നു.
‘ എനിക്കറിയാം ഞാനീ വീട്ടില്‍ ആരുമല്ലെന്ന്. കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല, രജിസ്റ്റര്‍ഓഫീസില്‍ ചെന്നിട്ടും വിവാഹം കഴിക്കാനാവാതെ വിധി മടക്കിയയച്ചവരാണ്. നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാന്‍. പക്ഷേ, എന്റെ പ്രാണന് ഇവിടെയാണ്. എന്നെ ഒരുപാട് സ്നേഹിച്ച ഒരാള്‍ ഇവിടെ ജീവിച്ചതല്ലേ. ഹൃദയംകൊണ്ട് ഞങ്ങള്‍ വിവാഹിതരായവരാണ്. കെവിന് ചേട്ടന്റെ മുറി, വസ്ത്രങ്ങള്‍, ചേച്ചി, മാതാപിതാക്കള്‍… ഇതൊക്കെ ആ സാന്നിധ്യം ഓര്‍മിപ്പിക്കുകയാണ്. ഇതൊക്കെവിട്ട് ഞാനെ വിടെ പോകും” -ഓര്‍മയില്‍ മുഴുകി നീനു പറഞ്ഞുകൊണ്ടിരുന്നു.
Discussion about this post