തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം ആരംഭിച്ചു.
പന്ത്രണ്ട് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നെതര്ലാഡ്സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനം, ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങ് എന്നിവയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍. നെതര്‍ലാന്റ്സില്‍ ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ ഒവിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
നെതര്‍ലാന്റ്സിലെ വ്യവസായ കോണ്‍ഫെഡറേഷന്റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്റ്സ് നടപ്പാക്കിയ ‘Room for River’ പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും. മെയ് 10ന് നെതര്‍ലാന്റ്സ് ജലവിഭവ – അടിസ്ഥാനസൗകര്യ വികസന മന്ത്രിയുമായി ചര്‍ച്ച നടത്തും.
കൂടാതെ, വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്യും. മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.
Discussion about this post