തിരുവനന്തപുരം: ശക്തമായ നിലപാടുകള്‍ കൊണ്ട് ഈ തെരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്താകോളങ്ങളില്‍ ഇടംപിടിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഐഎഎസിനെ സാധാരണക്കാരുടെ ഐഎഎസ് ഓഫീസര്‍ എന്നുവിളിച്ചാല് ഒട്ടും തെറ്റില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ടെന്ന് പറഞ്ഞ ശക്തമായ ആ ഒരൊറ്റ നിലപാട് മതി ടിക്കാറാം മീണയിലെ കരുത്തനായ ഭരണാധികാരിയെ തിരിച്ചറിയാന്‍. കള്ളവോട്ട് വിവാദത്തിലും ടിക്കാറാമിന്റെ നിലപാടുകള്‍ക്ക് കുലുക്കമുണ്ടായില്ല. കള്ളവോട്ട് നടന്നെന്ന് തുറന്നുപറഞ്ഞ് സാധാരണക്കാരില്‍ ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസത്തെ അദ്ദേഹം ഊട്ടിയുറപ്പിക്കുകയായിരുന്നു.
അദ്ദേഹത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒട്ടേറെ അമ്പരപ്പിക്കുന്ന സത്യങ്ങള്‍ ഒരു അഭിമുഖ പരിപാടിയില്‍ വെളിപ്പെട്ടിരിക്കുകയാണ്. താനിപ്പോഴും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പുഴയില്‍ നീന്തി കുളിക്കുന്ന പശുക്കളെ മേച്ച് നടക്കുന്ന സാധാരണക്കാരന് തന്നെയാണെന്ന് ടിക്കാറാം മീണ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.
വലിയൊരു കര്‍ഷക കുടുംബമാണ് തന്റേതെന്നും 25 അംഗങ്ങളുള്ള തറവാടാണ് ഇപ്പോഴും തന്റെ വീടെന്നും ടിക്കാറാം മീണ പറയുന്നു. ‘നാട്ടില്‍ പോകുമ്പോള്‍ ഇപ്പോഴും ഞാന്‍ തനി കര്‍ഷകനാകും. പുഴയില്‍ പോയി നീന്തും. വീട്ടില്‍ പശുക്കളുണ്ട്. അതിനൊക്കെ ഒപ്പമാണ് എന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നത്. ഞങ്ങള്‍ ആറു മക്കളാണ്. ഇതില്‍ സ്കൂളില്‍ പോയി പഠിച്ചത് രണ്ടുപേര്‍ മാത്രമാണ്. ബാക്കിയെല്ലാവരും നിരക്ഷരരാണ്. എന്റെ അച്ഛന് ഒപ്പിടാന്‍ പോലും അറിയില്ല. അദ്ദേഹം ഇപ്പോഴും വിരല്‍മുദ്ര പതിക്കാറാണ് പതിവ്’. ടിക്കാറാമിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ.
അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമെയുള്ളൂ. വളരെ പാവപ്പെട്ട കര്‍ഷകന്റെ കുടുംബത്തില്‍ നിന്ന് വന്നതായത് കൊണ്ട് വീട്ടില്‍ ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളതെന്നും ടിക്കാറാം മീണ പറയുന്നു. ആറു സഹോദരരില്‍ നാല് പേരും നിരക്ഷരരാണെന്നും അന്ന് പഠനത്തിനുള്ള സാധ്യതകളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. ദാരിദ്രം കാരണം പഠനം മുടങ്ങിയ സഹോദരങ്ങളാണ് തന്റേതെന്നും മടി കൂടാതെ അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട് മീണ.
താന്‍ എടുക്കുന്ന നിലപാടുകളിലെ സത്യസന്ധതയും കരുത്തും തനിക്ക് ലഭിച്ചത് പിതാവില്‍ നിന്നാണെന്ന് ടിക്കാറാം മീണ പറയുന്നുു.’ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്കായി ശബ്ദം ഉയര്‍ത്തിയ ഒരു അച്ഛന്റെ മകനായിട്ടാണ് ഞാന്‍ വളര്‍ന്നത്. നീതിയും ന്യായയും എവിടെയും തുറന്നു പറയാന്‍ അദ്ദേഹം ശ്രമിക്കും. ഒരിക്കല്‍ ഒരു ഭൂവുടമ അച്ഛന്റെ നെഞ്ചില്‍ തോക്ക് വച്ച് ഭീഷണിപ്പെടുത്തി. എന്നിട്ടുപോലും അദ്ദേഹം കുലുങ്ങിയില്ല. അച്ഛന് എന്നോട് എപ്പോഴും പറയും. നമ്മള് എല്ലാവരും മനുഷ്യരാണ്. പേടിയും വികാരങ്ങളുമെല്ലാം നമുക്ക് ഉണ്ടാകും. ജനിച്ചാല്‍ എന്തായാലും മരിക്കണം. മരിക്കുന്നെങ്കില്‍ അഭിമന്യുവിനെ പോലെ മരിച്ചോ. ഒരു പോരാളിയായി തന്നെ മരിക്കണം. ജീവിതം ഒന്നേയുള്ളൂ..’ ഈ വാക്കുകളാണ് ഔദ്യോഗിക ജീവിതത്തിലും തന്റെ കരുത്തെന്ന് ടിക്കാറാം മീണ പറയുന്നു. വിഡിയോ കാണാം:
Discussion about this post