തിരുവനന്തപുരം: സുപ്രീം കോടതിയുടെ ചരിത്രവിധിയെ വിവാദമാക്കി കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാമോ എന്നാണ് കോണ്‍ഗ്രസും ബിജെപിയും നോക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ പറഞ്ഞു ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങളെ അപകടകരമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം വിമോചന സമരത്തിനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ഈ മാസം 13 മുതല്‍ 20 വരെ നവോത്ഥാന സദസ് സംഘടിപ്പിക്കുമെന്നും സ്വരാജ് അറിയിച്ചു. ഒന്നല്ല, ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാറ്റങ്ങളുടെ ഭാഗമാണ് കോടതി വിധി. ആചാരങ്ങള്‍ മാറുന്ന എല്ലാ സാഹചര്യത്തിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതു സ്വാഭാവികമാണ്. എന്നാല്‍ ശബരിമല വിഷയം കോണ്‍ഗ്രസും ബിജെപിയും ഒത്തുചേര്‍ന്ന് സമരായുധമാക്കി മാറ്റുകയാണെന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ ആര്‍ജിത നേട്ടങ്ങളെ തകര്‍ക്കുന്ന കാഴ്ചയാണുള്ളതെന്നും മഹാരാഷ്ട്രയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണുള്ളതെന്നും വോട്ടിനു വേണ്ടിയാണ് ഇവിടെ നവോത്ഥാന മൂല്യങ്ങളെ ഒറ്റുകൊടുക്കുന്നതെന്നും സ്വരാജ് ആരോപിച്ചു.
Discussion about this post