ന്യൂഡല്‍ഹി: സിബിഎസ്സി 12ാം ക്ലാസ് പരീക്ഷാ ഫലം ലാവണ്യയ്ക്ക് വെറുമൊരു പരീക്ഷയുടെ ഫലം മാത്രമല്ലായിരുന്നു. ജീവിത പരീക്ഷണത്തിന്റേത് കൂടിയായിരുന്നു. 12ാം ക്ലാസ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാം റാങ്കാണ് ലാവണ്യ ബാലകൃഷ്ണന് എന്ന മലയാളി പെണ്‍കുട്ടി സ്വന്തമാക്കിയത്. ആറാം ക്ലാസില്‍ തിരിച്ചറിഞ്ഞ കേള്വിക്കുറവിനോട് പോരാടിയാണ് പ്ലസ്ടുവിന് റാങ്ക് വാങ്ങിച്ച് ലാവണ്യ മാതൃകയായത്. 489 മാര്‍ക്കുമായി ഭിന്നശേഷി വിഭാഗത്തിലാണ് ലാവണ്യ ഒന്നാം റാങ്കുകാരിയായത്. ഗുരുഗ്രാം ഹെറിറ്റേജ് സ്കൂളിലെ അധ്യാപികയായ അമ്മ ജയ മകളെയും സ്വന്തം സ്കൂളിലേക്കു കൂട്ടിയതാണ് ലാവണ്യയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
ഒന്നാം റാങ്ക് നേടിയ ലാവണ്യ ഡല്‍ഹിയില്‍ താമസമാക്കിയ തൃശ്ശൂര്‍ ആളൂര്‍ കല്ലായിലെ കെകെ ബാലകൃഷ്ണന്റെയും ജയയുടെയും മകളാണ്. താന്‍ ജീവിത പരിമിതികളെ വെല്ലുവിളിക്കാന്‍ പഠിച്ചത് അമ്മയിലൂടെയാണെന്ന് ലാവണ്യ പറയുന്നു.ഡല്‍ഹി വസന്ത് കുഞ്ചിലെ സന്നദ്ധ സംഘടനയയില് പ്രവര്‍ത്തിക്കുന്ന അച്ഛനും വലിയപിന്തുണ നല്കി. ഡിസൈന്‍ മേഖലയില്‍ തുടര്‍പഠനമാണു ഇനി ലക്ഷ്യം.
അതേസമയം, സിബിഎസ്സി പ്ലസ്ടു പരീക്ഷാ ഫലത്തില്‍ പെണ്‍കുട്ടികളാണ് നേട്ടമുണ്ടാക്കിയത്. ആദ്യ 3 റാങ്കുകളിലുള്ള 23 പേരില്‍ 16 പേരും പെണ്‍കുട്ടികളാണ്. 498 മാര്‍ക്ക് നേടിയ ഗൗരംഗി ചാവ്ല (ഋഷികേഷ്), ഐശ്വര്യ (റായ് ബറേലി), ഭവ്യ ജിന്ദ് (ഹരിയാന) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു. 497 മാര്‍ക്ക് നേടിയ 18 പേര് മൂന്നാം റാങ്കുകാരായി. പരീക്ഷയെഴുതിയ 88.7 % പെണ്‍കുട്ടികളും വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 79.4 %. മൊത്തം വിജയശതമാനത്തില്‍ ഈ വര്‍ഷം 0.39 % വര്‍ധനയുണ്ട്. 17,693 പേര് 95 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 94,299 കുട്ടികള്‍ 90 ശതമാനത്തിലേറെയും. ഭിന്നശേഷിക്കാരായ 36 കുട്ടികള്‍ക്കു 95 ശതമാനത്തിലേറെ മാര്‍ക്കുണ്ട്. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട 99,207 വിദ്യാര്‍ത്ഥികള്‍ക്കു കംപാര്‍ട്മെന്റ് പരീക്ഷയ്ക്ക് അവസരം നല്‍കും.
Discussion about this post