തൃശ്ശൂര്‍: ഒരിക്കല്‍ താന്‍ കൂലിപ്പണിക്കാരന് ആയിരുന്നെന്നും അതു തുറന്നുപറയാന്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും തൊഴിലാളി ദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത വൈറല്‍ കുറിപ്പില്‍ യുവാവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്ന വിപിന്‍ ഒളവണ്ണയുടേതാണ് തൊഴില്‍ മഹത്വത്തെ കുറിച്ച് വിവരിക്കുന്ന പോസ്റ്റ്. മുമ്പ് കുടുംബത്തിന്റെ ഭാരം ഏറ്റെടുത്ത് കൂലിപ്പണിക്കാരന് ആയതും അന്ന് നേരിട്ട നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളുമാണ് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്.
വിപിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഞാനുമൊരു കൂലിപ്പണിക്കാരനായിരുന്നു.. ചെറുപ്പത്തിൽ സ്കൂൾ വേനലവധിക്ക് അടച്ചിടുമ്പോൾ പ്ലംബിംഗ് കോൺട്രാക്ടറായിരുന്ന അച്ഛന്റെ കൂടെ സൈറ്റിൽ ജോലിക്ക് പോയ് തുടങ്ങിയതാണ്,, പിന്നീട് SSLCക്ക് പഠിക്കുമ്പോൾ അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായ് വന്നു,, പഠനത്തോടൊപ്പം ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ജോലിക്ക് പോവാനായ് കണ്ടെത്തി… പ്ലംബിംഗ്, ഇലക്ട്രിക്കൽ, ടൈൽസ്, കൽപ്പണി, പെയിന്റ്&പോളീഷ്, ഹോളോബ്രിക്സ് കമ്പനി, ഇന്റർലോക്ക് കമ്പനി, ലോഡിംഗ്&അൺലോഡിംഗ്, ന്യൂസ്പേപ്പർ ബോയ്, ടെക്സ്റ്റൈൽസിലെ സെയ്ൽസ്മാൻ തുടങ്ങി ഒട്ടനവധി ജോലികൾ ചെയ്തു,, ഇതിനിടയിൽ ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് ഡിഗ്രിയും പി.ജി.യും പാസ്സായി.. ജോലി സ്ഥലത്ത് നിന്ന് മണ്ണും ചളിയും പറ്റി മുഷിഞ്ഞ വേഷത്തിൽ വിയർത്ത് കുളിച്ച് നിൽക്കുന്ന അവസ്ഥയിൽ സ്കൂളിലും കോളേജിലുമൊക്കെ കൂടെ പഠിക്കുന്നവരുടെ മുന്നിൽ ചിലപ്പോൾ പെടാറുണ്ട്, ആദ്യമൊക്കെ അതൊരു വല്ലാത്ത ചമ്മലായിരുന്നുവെങ്കിലും പിന്നീട് ഇതെന്റെ കുടുംബം പുലർത്താനുള്ള ജോലിയാണല്ലോ എന്ന ബോധത്തിൽ നിന്ന് ആ ചടപ്പൊക്കെ പോയി,, ചിലർക്ക് അങ്ങനെ കാണുമ്പോൾ പിന്നീട് ബഹുമാനമാണ് ഉണ്ടാവാറ്, എന്നാൽ നേരെ തിരിച്ച് അയ്യേ ഇവൻ ഇങ്ങനത്തെ ആളായിരുന്നോ എന്ന ചിന്തയിൽ പിന്നീട് അകലം പാലിച്ചവരും ഉണ്ട്,, ഒരിക്കൽ ഒരു സൈറ്റിൽ ജോലി ചെയ്തോണ്ടിരുന്നപ്പോൾ മുന്നിലെ വഴിയിൽ കോളേജിൽ നിന്ന് കണ്ടാൽ എപ്പോഴും സംസാരിക്കാറുള്ള ജൂനിയറായ് പഠിക്കുന്ന ഒരുത്തനും അവന്റെ കൂടെ രണ്ട് മൂന്ന് പേരും നിൽക്കുന്നത് കണ്ടു,, ഞാൻ അവന്റെയടുത്ത് ചെന്ന് ഇവിടെയാണോ വീട് ഇവരൊക്കെ ഫ്രണ്ട്സാണോ എന്നാെക്കെ ചോദിച്ച് ഞാനിവന്റെ കോളേജിലെ സീനിയറാണെന്ന് സ്വയം പരിചയപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ ‘ഞാനൊരു കല്ല്യാണപ്പാർട്ടിക്ക് പോവാണെന്നും പറഞ്ഞ് ചിരിക്കുക പോലും ചെയ്യാതെ പെട്ടന്നങ്ങോട്ട് പോയ്.. എനിക്കത് ഒരു വല്ലാത്ത ഉള്ളിൽ തട്ടിയ അനുഭവമായിരുന്നു, അവൻ എന്തിനായിരിക്കും അങ്ങനെ പെരുമാറിയതെന്ന് ഞാൻ കുറേ ചിന്തിച്ചപ്പോൾ മനസ്സിലായി, അവന്റെ ഫ്രണ്ട്സിന്റെ മുന്നിൽ കോളേജിലെ ഒരു സീനിയറിന്റെ പിക്ചർ ഇങ്ങനെയായതിലുള്ള നീരസമായിരിക്കാം… കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയായിരിക്കെ അവിടെ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ പൈപ്പിടാനുള്ള കിളയെടുക്കാൻ പോയ അനുഭവവും ഉണ്ട്, കൈക്കോട്ടും പിക്കാസുമായ് നിൽക്കുന്ന എന്നെ കണ്ടപ്പോൾ അവൾ തന്നെ അമ്പരന്നു.. ജീവിതത്തിൽ എടുത്ത ഏറ്റവും കഠിനമായ ജോലി പതിനാറാം വയസ്സിലെ ഹോളോബ്രിക്സ് കമ്പനിയിലെ ജോലിയായിരുന്നു,, യന്ത്രം തിരിയുമ്പോലെ ഒരു മിനിറ്റും ഒഴിവില്ലാതെയുള്ള കഠിനാധ്വാനം,, ചെങ്കൽപ്പാറയിൽ പൈപ്പിടാൻ വേണ്ടി കിളയെടുക്കുമ്പോൾ പോലും അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല… ഏറ്റവും കൂടുതൽ കാലം എടുത്തതും ഏറ്റവും ഇഷ്ടപ്പെട്ടതുമായ ജോലി പ്ലംബിംഗാണ്, അത് അച്ഛൻ കൈപിടിച്ച് നടത്തിച്ച തൊഴിലായതിനാലാവാം… ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളും മധുരിക്കുന്നതും കൈക്കുന്നതുമായ ഒട്ടനവധി അനുഭവങ്ങളും തൊഴിലാളി ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്,, വയനാട്ടിലൊക്കെ മനോഹരമായ സ്ഥലങ്ങളിൽ താമസിച്ച് പണിയെടുത്തത് നല്ല രസകരമായ അനുഭവമായിരുന്നു,, ചാലപ്പുറത്തെയും ഗോവിന്ദപുരത്തെയും ഒക്കെ സാമിയുടെ അപ്പാർട്ട്മെന്റുകൾ, VKCയുടെ വീട്, മലപ്പുറത്തെ അടക്കമുള്ള VKC ചെരിപ്പ് കമ്പനികൾ, വയനാട് കാട്ടിനുള്ളിലെ വെള്ളച്ചാട്ടത്തിനടുത്ത് ഏലത്തോട്ടത്തിന് നടുവിലുള്ള റിസോർട്ട്, കൽപ്പറ്റ കിൻഫ്ര പാർക്കിനകത്തെ VKC ചെരിപ്പ് കമ്പനി ഇതൊക്കെ മറക്കാൻ പറ്റാത്ത ചില വർക്ക് സൈറ്റുകളാണ്… കിൻഫ്രയിൽ ഞങ്ങൾക്ക് വൈകുന്നേരം കാലിച്ചായ മാത്രമാണ് ഉണ്ടായിരുന്നത്, പിന്നെ രാത്രിയാണ് ചോറ്, ജോലി കഴിഞ്ഞ് ക്ഷീണിച്ച് നിൽക്കുമ്പോൾ ഹിന്ദിക്കാരുടെ മെസ്സിൽ പോവും, അവിടെ നൂറിന് മുകളിൽ ഹിന്ദിക്കാരുണ്ട്, അവരുണ്ടാക്കുന്ന ചപ്പാത്തിയും ദാൽ കറിയും ആർത്തിയോടെ കഴിക്കും,, അവർക്കത് വലിയ അദ്ഭുതമായിരുന്നു, അവർ ഗൾഫായ് കാണുന്ന നാട്ടിലെ ആളുകൾ അവരുടെ മെസ്സിൽ വന്ന് ഭക്ഷണം വാങ്ങി കഴിക്കുകയാണല്ലോ,, അവിടെ ഹിന്ദിക്കാർ വരിവരിയായ് നിന്നിട്ട് ബുഫെ പോലെയാണ് ഭക്ഷണം വാങ്ങുന്നത്, എന്നാൽ ഞങ്ങൾ വരിയിൽ നിൽക്കുമ്പോൾ വരിയിലുള്ളവർ തന്നെ മുന്നിൽ പോയ് എടുത്തോളൂ വരിയിൽ നിൽക്കണ്ടാന്ന് പറയും, അവർ ഞങ്ങളെ മുന്നോട്ട് വിളിച്ച് ചൂടുള്ള ചപ്പാത്തി എടുത്തോണ്ട് തരും, ശരിക്കും വിശപ്പിന്റെ വിലയറിയാവുന്നവരാണ് അവർ… എത്ര കഠിനമായ വെയിലായാലും മഴയായാലുമൊക്കെ അതിനെയൊക്കെ അതിജീവിച്ച് ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ് തൊഴിലാളികൾ, ജോലി ചെയ്തതിൽ ഏറ്റവും ഉയരമുള്ളത് ഒരു 10നില ഫ്ലാറ്റായിരുന്നു അതിന്റെയൊക്കെ ഏറ്റവും മുകളിൽ ഉയരമിട്ടിരുന്ന് ജോലി ചെയ്യുമ്പോൾ പോലും ഇരിക്കുന്ന ഉയരത്തെക്കുറിച്ചല്ല ചെയ്യുന്ന പണിയെക്കുറിച്ചാവും ചിന്ത… ഉളിയും ഹാമറും ഉപയോഗിച്ച് ചുമരും കോൺക്രീറ്റുമൊക്കെ വെട്ടുമ്പോൾ അടിയൊഴിഞ്ഞ് കൈക്ക് കൊള്ളുന്നതും കണ്ണിൽ കല്ലിന്റെ പീസ് തെറിക്കുന്നതുമൊക്കെ നിത്യ സംഭവങ്ങളായിരുന്നു,, പൊരിവെയിലത്ത് എടുത്താൽ പൊന്താത്ത പിക്കാസുകൊണ്ട് പാറപോലത്തെ സ്ഥലത്ത് കിളയെടുക്കുന്നതും, നട്ടുച്ചക്ക് ടെറസ്സിലിരുന്ന് കോൺക്രീറ്റ് തുളക്കുന്നതുമൊക്കെ ആസ്വദിച്ച് തന്നെ ചെയ്തിരുന്നു…ഉച്ചയൂണ് കഴിഞ്ഞ് വർക്ക് സൈറ്റിൽ പലകയുടെ മുകളിൽ തോർത്ത് മുണ്ട് കൊണ്ട് തലയിണയുണ്ടാക്കി അതിൽ തലവെച്ചുള്ള മുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു ഉറക്കമുണ്ട്, എന്തൊരു സുഗമാണത്, ജീവിതത്തിൽ ഏറ്റവും സുന്ദരമായ ഉറക്കവും അതായിരുന്നു.
ചില സ്ഥലത്തൊക്കെ അടുത്തൊന്നും ഹോട്ടൽ ഉണ്ടാവില്ല, വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്നിട്ടില്ലെങ്കിൽ ബൈക്ക് ഇല്ലാതിരുന്ന കാലത്ത് ചായ കുടിക്കാൻ പോവാതെ വല്ല ബിസ്കറ്റോ പഴമോ വെച്ച് അഡ്ജസ്റ്റ് ചെയ്യും,, കുടിക്കാൻ വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളും ഉണ്ട്,, ഒരിക്കൽ ഒരു ഫ്ലാറ്റിന്റെ പണിയെടുക്കുമ്പോൾ അടുത്ത വീട്ടിൽ നിന്ന് കുടിവെള്ളം ചോദിച്ചു, അപ്പോൾ അവർ പറഞ്ഞ മറുപടി ഞെട്ടിച്ചു, “ഞങ്ങൾ ഈ ഫ്ലാറ്റ് വരുന്നതിനെതിരെ സമരം ചെയ്തവരാണ്, ഞങ്ങളോടാണോ വെള്ളം ചോദിക്കുന്നത്” എന്ന് ആക്രോശിച്ച് വാതിലടച്ച് ഒറ്റ പോക്ക്… ചില താമസമുള്ള വീടുകളിൽ അവർ ഭക്ഷണം തരില്ലെന്ന് മാത്രമല്ല ഞങ്ങൾ കൊണ്ടുവരുന്ന ഭക്ഷണം മാന്യമായിരുന്ന് കഴിക്കാനുള്ള സൗകര്യം പോലും ഉണ്ടാക്കി തരില്ല, പണി നടന്നോണ്ടിരിക്കുന്ന ആൾത്താമസമില്ലാത്ത കെട്ടിടത്തിന്റെ നിലത്ത് ഒരു കല്ല് എടുത്തിട്ട് അതിലിരുന്ന് പാത്രം കയ്യിൽ വെച്ച് കഴിക്കുമ്പോൾ ഒരു പ്രശ്നവും തോന്നാറില്ല, എന്നാൽ അൾത്താമസമുള്ള വീടിന്റെ കാർ പോർച്ചിൽ നിലത്തിരുന്നിട്ട് കഴിക്കുമ്പോൾ മനുഷ്യനെന്ന വർഗത്തോട് തന്നെ ഒരു വെറുപ്പ് തോന്നിപ്പോവും.. ഒരിക്കൽ കോഴിക്കോട് നഗരത്തിൽ ഒരു പണക്കാരന്റെ വീട്ടിൽ പ്ലംബിംഗിന്റെ പണിക്ക് പോയിട്ട് എവിടെയും ഇരുന്ന് കഴിക്കാൻ സ്ഥലമില്ലാഞ്ഞിട്ട് അവസാനം വീടിന്റെ പുറകിൽ നിലത്തിരുന്ന് കഴിക്കുമ്പോൾ അവിടത്തെ വേലക്കാരി ചേച്ചി വന്നിട്ട് പറഞ്ഞു “കണ്ടിട്ട് എനിക്ക് സങ്കടം തോന്നുന്നുണ്ട് പക്ഷെ കയറി ഇരുന്നോളാൻ പറയാൻ ഇതെന്റെ വീടല്ലാലോ” എന്ന്, ആ വീടിന്റെ ഉടമസ്ഥൻ ഞങ്ങൾ അവിടെയിരുന്ന് കഴിക്കുന്നത് കണ്ടിട്ടും കണ്ട ഭാവം നടിച്ചില്ല, ഞങ്ങളൊക്കെ കഴിക്കേണ്ടത് അവിടെയിരുന്നിട്ട് തന്നെയാണെന്ന ബോധ്യമാകാം അദ്ദേഹത്തിന്റേത്… ഇത്തരം സാഹചര്യത്തിൽ ഒന്നരപ്പണിയും ഓവർടൈമും ഒക്കെ ജോലി ചെയ്ത് കഷ്ട്ടപ്പെടുന്നവരാണ് ഭൂരിഭാഗം തൊഴിലാളികളും, ചിലരൊക്കെ പ്രായാധിക്യവും ശാരീരിക അവശതകളും വകവെക്കാതെ കുടുംബത്തിനായ് കഠിനാധ്വാനം ചെയ്യുന്നു… ശനിയാഴ്ച്ച ദിവസമാണ് ജോലിക്ക് പോവാൻ ഏറ്റവുമിഷ്ടം, കാരണം അന്നാണ് കൂലി കിട്ടുക,, ഒരാഴ്ച്ചത്തെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും കൂലി,, വല്ലാത്തൊരു സന്തോഷമാണ് അത് കയ്യിൽ കിട്ടുമ്പോൾ,, അന്ന് വീട്ടിലേക്ക് കാര്യമായിട്ടെന്തെങ്കിലും വാങ്ങും…നല്ല വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടും പ്രാരാബ്ധങ്ങൾ കാരണം തുടർ പഠനം നടത്താതെ പാതി വഴിയിൽ പഠനം നിർത്തി കൂലിപ്പണിക്ക് ഇറങ്ങേണ്ടി വന്നവരേയും, വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച ജോലിക്ക് വേണ്ടി കാത്തു നിൽക്കാൻ സാഹചര്യം അനുവദിക്കാത്തതിനാൽ കെട്ടിട നിർമ്മാണ മേഘലയിൽ തൽക്കാലം ജോലിക്ക് കയറിയിട്ട് പിന്നെ ജീവിതം സായാഹ്നത്തിൽ എത്തി നിൽക്കുമ്പോഴും അതിൽ തന്നെ തുടരുന്നവരേയുമൊക്കെ ധാരാളം കണ്ടിട്ടുണ്ട്.
ജോലി ചെയ്യുന്നവന് വിയർപ്പുണങ്ങുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന് പറഞ്ഞ മുഹമ്മദ് നബിയുടെ സന്ദേശത്തിന്റെ മഹത്വം എത്രയോ വലുതാണ്.. എടുത്ത ജോലിയുടെ കൂലി കൃത്യമായ് കൊടുക്കാത്തവരും മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ലെന്ന സാഹചര്യം കണക്കിലെടുത്ത് ചൂഷണം ചെയ്യുന്നവരുമായ മുതലാളിമാരും ധാരാളമുണ്ട്.. തുല്ല്യ ജോലിക്ക് തുല്ല്യ വേതനം നൽകാതിരിക്കുകയും, അനാവശ്യമായ് തൊഴിലാളികളെ ചീത്ത പറയുകയും മർദ്ദിക്കുകയും വരെ ചെയ്യുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്… ഇത്തരം ചൂഷണങ്ങൾക്കൊന്നും വിധേയമായിട്ടില്ല,, കൂടെ ജോലി ചെയ്തവരുമായൊക്കെ ഇന്നും നല്ല ബന്ധമാണ്.. ഹോളോബ്രിക്സിന്റെ കമ്പനിയിൽ ഒരുമിച്ച് പണിയെടുത്ത ഇനിയൊരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത ഒറീസ്സക്കാരനായ ബിക്രം ഭായിയെപോലെ ഒരുപാട് മറക്കാനാവാത്ത മുഖങ്ങളുമുണ്ട് തൊഴിലാളി ജീവിതത്തിൽ.
2017 ഏപ്രിൽ മാസത്തിൽ മെഡിക്കൽ റെപ്രസെന്ററ്റീവായ് ജോലിക്ക് കയറിയതോടെ കൂലിപ്പണിക്കാരനല്ലാതെയായ്… മെഡിക്കൽ റെപ്രസെന്ററ്റീവ് മേഘലയെക്കുറിച്ച് പറയാനുള്ളതിൽ അധികവും ദുരനുഭവങ്ങളാണ്,, പണമുണ്ടാക്കാൻ സാധിക്കുമെങ്കിലും സംതൃപ്തിയോടെ ഈ ജോലി ചെയ്യുന്നവർ വളരെ കുറവായിരിക്കും, അതിലേക്ക് കടക്കുന്നില്ല…
ഇതിനിടയിൽ രണ്ട് മൂന്ന് വർഷം സീസണിൽ ടൂർപാക്കേജിന്റെ പരിപാടിയും ഉണ്ടായിരുന്നു,, ഇനി ജീവിതം എത്രനാൾ മുന്നോട്ട് പോയാലും എന്തൊക്കെ ജോലിക്ക് പോയാലും #അഭിമാനത്തോടെ_ഞാൻ_പറയും_ഒരുകാലത്ത്_ഞാനുമൊരു_കൂലിപ്പണിക്കാരനായിരുന്നു_എന്ന്…
(ഇത് മുഴുവനായിട്ട് അധികമാരും വായിക്കില്ലെന്നറിയാം, ഒരു ആത്മകഥപോലെ ഇവിടെ കിടന്നോട്ടെ)
Discussion about this post