മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ബിസിസിഐ വിധിച്ച പിഴത്തുകയില്‍ നിന്നും രക്ഷപ്പെടാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ശ്രമമെന്ന് പരാതി. പിഴശിക്ഷയുടെ പകുതി മാത്രമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അടച്ചിട്ടുള്ളത്. ബിസിസിഐ ഓംബുഡ്സ്മാന്‍ വിധിച്ച 20 ലക്ഷം രൂപ പിഴയില്‍ 10 ലക്ഷം രൂപയാണ് ഹാര്‍ദ്ദിക് അടച്ചത്. ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശപ്രകാരം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്റെ അക്കൗണ്ടില്‍ 10 ലക്ഷം രൂപ അടച്ചതായി ഹാര്‍ദ്ദിക് അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ച 10 ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു. അര്‍ഹരായ ആളുകളെ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്ന് അറിയില്ലെന്ന് ഹാര്‍ദ്ദിക് പറയുന്നു. ഹാര്‍ദ്ദിക്കിനൊപ്പം ശിക്ഷ ലഭിച്ച കെഎല്‍ രാഹുല്‍ പിഴയടച്ചോ എന്ന് വ്യക്തമാക്കിയിട്ടില്ല.
കരണ്‍ ജോഹറുമായുള്ള ചാറ്റ് ഷോയ്ക്ക് ഇടയിലാണ് ഹാര്‍ദ്ദികും രാഹുലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദ്ദിക്കിന്റെ വെളിപ്പെടുത്തല്‍. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെഎല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്.
Discussion about this post