കൊയിലാണ്ടി: സംയോജിത കൃഷിവികസനപദ്ധതിക്ക് കൃഷിവകുപ്പ് നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടുന്നു. നടേരി വെളിയണ്ണൂര്‍ചല്ലിയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ അഞ്ചുകോടി രൂപയുടെ സഹായമഭ്യര്‍ഥിച്ച് വകുപ്പ് നബാര്‍ഡിനെ സമീപിച്ചതായാണ് വിവരം. ഇതിനുള്ള പദ്ധതിരേഖ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്.
കൂടാതെ വെളിയണ്ണൂര്‍ചല്ലി കൂടാതെ മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളിലെ പാടശേഖരങ്ങളുടെ അടിസ്ഥാനവികസനത്തിനും മറ്റൊരു അഞ്ചുകോടിയുടെ സഹായവും തേടുന്നുണ്ട്. കൊയിലാണ്ടി നഗരസഭയിലും അരിക്കുളം, കീഴരിയൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന 370 ഏക്കര്‍ വിസ്തൃതി വരുന്ന പാടശേഖരമാണ് വെളിയണ്ണൂര്‍ചല്ലി. പ്രതികൂലമായ കാലാവസ്ഥയും ഭൗതികസൗകര്യങ്ങളുടെ പരിമിതിയുമാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷിക്ക് തടസ്സമാകുന്നത്.
ഏറെ മികച്ച വളക്കൂറുള്ള മണ്ണാണ് ഇവിടത്തേത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിച്ച് കൃഷിചെയ്താല്‍ മികച്ച വിളവുകിട്ടും. നെല്‍ക്കൃഷിയോടൊപ്പം മത്സ്യക്കൃഷി, കന്നുകാലിവളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പൂകൃഷി, പച്ചപ്പുല്‍ക്കൃഷി എന്നിവയ്ക്കും സാധ്യതയേറെയാണ്.
Discussion about this post