കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച പേരാമ്പ്ര ജനതയുടെ നേര് കാഴ്ചയാണ് വൈറസ് എന്ന ചിത്രം. ഞെട്ടിക്കുന്ന പ്രമേയം കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന സിനിമ താരനിരയാല്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് നിപ്പ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.
സിനിമയുടെ ചിത്രീകരണം ആലോചനയില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഷിക്ക് അബു തന്നെ വിളിച്ചിരുന്നു എന്നും നിപ്പയാണ് പ്രമേയമെന്നും ഞങ്ങളുടെയൊക്കെ ജീവിതമാണ് സിനിമയാകുന്നതെന്നും പറഞ്ഞിരുന്നെന്നും സജീഷ് പറയുന്നു. റിമയാണ് ലിനിയാകുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നോട് നിപ്പാകാലത്തെ പേരാമ്പ്രയെക്കുറിച്ചുമൊക്കെ ചോദിച്ച് മനസിലാക്കിയിരുന്നു. ഖത്തറില്‍ നടത്തിയ ട്രെയ്ലര് ലോഞ്ചില്‍ ഞാനും പങ്കെടുത്തിരുന്നു.
അന്നാണ് ആദ്യമായി ലിനിയായി റിമയെ കാണുന്നത്. ഒരു നിമിഷം താന്‍ ഞെട്ടിപ്പോയി. ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നി. ഹെയര്‍സ്റ്റൈല്‍ ഉള്‍പ്പടെ അവളുടേത് പോലെ തന്നെയായിരുന്നു. ആ നിമിഷത്തെക്കുറിച്ച് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. അത്ര വൈകാരികമായ നിമിഷമായിരുന്നു. ലിനിയായി വേഷമിട്ട റിമയുടെ ചിത്രമൊന്നും എന്നെ കാണിച്ചിരുന്നില്ല. പെട്ടന്ന് സ്ക്രീനില്‍ കണ്ടപ്പോള്‍ ശരിക്കും ഷോക്കായി. എന്നും സജീഷ് പറയുന്നു.
അതേസമയം താനിപ്പോള്‍ ലിനിയുടെ വീട്ടിലാണ് താമസം. ലിനിയുടെ അമ്മയ്ക്ക് അപസ്മാരത്തിന്റെ അസുഖമുണ്ട്. താന്‍ വിദേശത്തായിരുന്ന സമയത്ത് ലിനിയായിരുന്നു അമ്മയ്ക്കൊപ്പമുണ്ടായിരുന്നത്. കുഞ്ഞുങ്ങളും വളര്‍ന്നത് ഇവിടെ തന്നെയാണ്. പെട്ടന്ന് ഒരു പറിച്ചുനടല്‍ അവര്‍ക്കും ബുദ്ധിമുട്ടാണ്. ലിനി പോയ ആദ്യനാളുകളില്‍ മക്കളെ നോക്കാനൊക്കെ ഒരുപാട് കഷ്ടപ്പെട്ടു. എന്തുചെയ്യണം? എങ്ങനെ ചെയ്യണം എന്നൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിനിയുടെ രണ്ട് സഹോദരിമാരുണ്ട്, അവരാണ് കുഞ്ഞുങ്ങളെ നോക്കാന്‍ സഹായിച്ചത്. അവരുടെ കരുതലുള്ളത് കൊണ്ടാണ് കുഞ്ഞുങ്ങള്‍ ലിനി ഇല്ലാതായ ആഘാതത്തില്‍ നിന്നും കരകയറിയത് സജീഷ് പറയുന്നു.
സിനിമയുടെ ട്രെയിലര്‍ കണ്ടാല്‍ അറിയാം പേരാമ്പ്ര കഴിഞ്ഞുപോയ അവസ്ഥ എന്തായിരുന്നു എന്ന്. ട്രെയിലറിന്റെ അവസാനം സൗബിന് ചുമക്കുമ്പോള്‍ നിപ്പയാണെന്ന് പറഞ്ഞ് ഓട്ടോക്കാരും മറ്റു യാത്രക്കാരും അവനെ അകറ്റുന്നു ഇതെല്ലാം കാണുമ്പോള്‍ തങ്ങളുടെ കഥ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് തോന്നുന്നു എന്നാണ് പേരാമ്പ്രക്കാര്‍ പറയുന്നത്. ആശുപത്രിയിലേക്ക് പോകുന്ന നഴ്സിനെപ്പോലും ബസില്‍ കയറ്റില്ലായിരുന്നു. കയറ്റിയാലും എല്ലാവരും പേടിച്ച് പുറകോട്ട് മാറിനില്‍ക്കും.
രേവതി, ആസിഫ് അലി, ടൊവിനോ, കുഞ്ചാക്കോ ബോബന്, റിമ, പാര്‍വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ്, തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
Discussion about this post