കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ കൂട്ടകുരുതിയില്‍ നിന്ന് ശ്രീലങ്ക കരകയറി വരുന്നതേയുള്ളൂ. പലരും ഇപ്പോഴും മരണത്തോട് മല്ലടിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വരുന്നത്. വീണ്ടും ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചിടങ്ങളിലാണ് സ്‌ഫോടന സാധ്യത കാണുന്നത്.
സൈനിക വേഷത്തില്‍ വാനിലെത്തുന്ന ചാവേറുകള്‍ ആക്രമണം നടത്തുമെന്നാണ് ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് ഇടങ്ങളില്‍ ആക്രമണം നടക്കാനിടയുണ്ടെന്നും ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കും ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചാവേര്‍ ആക്രമണം നടന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ബറ്റികലോവ ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളിലൊന്നായി സുരക്ഷാ ഏജന്‍സിയുടെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഞായറാഴ്ച ആക്രമണം നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോംബ് ആക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഞായറാഴ്ചയോടെ പിന്‍വലിച്ചു. എന്നാല്‍ പോലീസ് കര്‍ശന പരിശോധനകള്‍ തുടരുകയാണ്.
Discussion about this post