കൊളംബൊ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ വെടിവെയ്പ്പ് നടന്നതായി ശ്രീലങ്കന്‍ പോലീസ്. ബട്ടിക്കോളയ്ക്ക് സമീപം അംപാര സൈന്തമരുതുവില്‍ റെയ്ഡിനിടെയാണ് വെടിവെയ്പ്പ് നടന്നത്. സ്ഫോടനവും നടന്നതായി സൈനിക വക്താവ് വ്യക്തമാക്കി.
മറ്റൊരു റെയ്ഡില്‍ സ്ഫോടക വസ്തുക്കളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വസ്ത്രങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ശ്രീലങ്കയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 140 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവില്‍ തുടര്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാനും ആരാധനാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പതിനായിരത്തോളം സൈനികരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
നിലവില്‍ 76 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സിറിയ ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. സുരക്ഷാ പ്രശ്നമുള്ളതിനാല്‍ പള്ളികളില്‍ പോകാതെ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്ന് രാജ്യത്തെ മുസ്ലിംങ്ങള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post