ന്യൂയോര്‍ക്ക്: ക്രിക്കറ്റ് കളി മതിയാക്കി പഠനത്തിനായി അമേരിക്കയിലേക്ക് പോയ മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം സൗരഭ് നേത്രാവല്‍ക്കര്‍ അമേരിക്കന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി. മുംബൈ സ്വദേശിയായ സൗരഭ് 2010 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ താരമായിരുന്നു.
മുംബൈയിലെ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനീയറിങ് ബിരുദമെടുത്ത സൗരഭ് 2015ലാണ് യുഎസിലെ കോര്‍ണല്‍ സര്‍വകലാശാലയിലേക്ക് മാസ്റ്റേഴ്സ് പഠനത്തിനായി പോകുന്നത്. പഠന ശേഷം അമേരിക്കയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായി തുടര്‍ന്ന സൗരഭ് ക്രിക്കറ്റ് കളിയും ഒപ്പം കൊണ്ടു പോവുകയായിരുന്നു. 2018 ജനുവരിയിലാണ് സൗരഭിനെ അമേരിക്കന്‍ ദേശീയ ടീമിലെടുക്കുന്നത്.
2010 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നത് സൗരഭായിരുന്നു. അന്ന് ജോ റൂട്ടിന്റെയും പാക് ബാറ്റ്സ്മാന് അഹ്മദ് ഷെഹ്സാദിന്റെയും വിക്കറ്റുകള്‍ സൗരഭ് ഇന്ത്യയ്ക്കായി വീഴ്ത്തിയിരുന്നു. ലോകകപ്പ് കഴിഞ്ഞ് മൂന്നു വര്‍ഷത്തിന് ശേഷം മുംബൈയ്ക്കായി രഞ്ജി കളിച്ച സൗരഭ് കര്‍ണാടകയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയിരുന്നു.
Discussion about this post