തിരുവനന്തപുരം: കേരളത്തിലെ നിരത്തുകളില്‍ നിയമം തെറ്റിച്ച് പായുന്നത് സുരേഷ് കല്ലട ട്രാവല്‍സിന്റെ ബസുകള്‍ മാത്രമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കേരളത്തില്‍ 300 ബസുകള്‍ നിയമം തെറ്റിച്ച് ഓടുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. ഈ ബസുകള്‍ പെര്‍മിറ്റ് ലംഘനവും ചരക്ക് കടത്തലും സ്ഥിരമാക്കിയതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2.4 ലക്ഷം രൂപ പിഴ ചുമത്തി. 45 ട്രാവല്‍ ഏജന്‍സികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കല്ലട ബസില്‍ യാത്രക്കാര്‍ ബസ് ജീവനക്കാരുടെ ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശ്ശനമാക്കിയിരിക്കുന്നത്.
അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ ജിപിഎസ് സൗകര്യം നിര്‍ബന്ധമാക്കുമെന്നും ജൂണ്‍ 30ന് മുമ്പ് ജിപിഎസ് ഘടിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ വ്യക്തമാക്കി.
നേരത്തെ, അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഡിജിപിയേയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേയും പങ്കെടുപ്പിച്ച് ഇന്ന് യോഗം ചേരും. ഇതിനിടെ, കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാരെയാണ് കല്ലട ബസ് ജീവനക്കാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്.
Discussion about this post