ചാരുംമൂട്: മതില്‍ പൊളിച്ചും മണ്ണുമാന്തിയും ഒമ്പത് മണിക്കൂറോളം കഷ്ടപ്പെട്ട് വാവ സുരേഷ് പിടികൂടിയത് ഇരുപതോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളേയും വമ്പന്‍ മൂര്‍ഖനേയും. ഇന്നലെ രാവിലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം നൂറനാട് പടനിലം കിടങ്ങയത്തുള്ള രമ ഉണ്ണികൃഷ്ണന്റെ വീടിന്റെ മതിലുകള്‍ പൊളിച്ചാണു മൂര്‍ഖനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ നീണ്ടു നിന്ന ദൗത്യത്തിന് ഒടുവിലാണ് മൂര്‍ഖനും കുഞ്ഞുങ്ങളും പിടിയിലായത്. വാവ സുരേഷ് എത്തുംമുന്‍പു നാട്ടുകാര്‍ പത്തോളം കുഞ്ഞുങ്ങളെ പിടിച്ചിരുന്നു.
മൂര്‍ഖന്‍ കുഞ്ഞുങ്ങളെ ഓടിച്ചുകൊണ്ടു റോഡിനു കുറുകെ രാവിലെ ഒരു കീരി പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്നു തടിച്ചുകൂടിയ നാട്ടുകാര്‍ പിന്നാലെയെത്തി പരിശോധിച്ചപ്പോള്‍ കിട്ടിയത് പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെയായിരുന്നു. ഇവയെ പിടിച്ച് ബക്കറ്റിലാക്കി. ഇതിനിടെ ചിലര്‍ വാവ സുരേഷിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വാവ സുരേഷ് ശേഷിക്കുന്ന പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തെങ്കിലും മതിലിലെ മാളത്തിലേക്കു കയറിയ മൂര്‍ഖനെ കിട്ടിയില്ല.
എന്നാല്‍ മൂര്‍ഖനെ പിടികൂടാതെ പിന്നോട്ടില്ലെന്ന് തീരുമാനിച്ച വാവ സുരേഷും നാട്ടുകാരും, തുടര്‍ന്ന് ഉച്ചയോടുകൂടി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മതിലുകള്‍ പൊളിച്ചു. പിന്നീട് മണിക്കൂറുകളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ മൂര്‍ഖനെയും വാവ സുരേഷ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
Discussion about this post