കീവ്: യുക്രൈന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രശസ്ത കോമഡി താരമായ വ്ളോഡിമിര്‍ സെലെന്‍സ്കിക്ക് വമ്പന്‍ വിജയം. 73 ശതമാനം വോട്ട് നേടി യുക്രൈന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ടെലിവിഷന്‍ പരമ്പരയില്‍ പ്രസിഡന്റ് വേഷം കെട്ടിയതാണ് രാഷ്ട്രീയ രംഗത്തെ ഏക മുന്‍പരിചയം എന്നു പറയാനുള്ളത്. ‘സെര്‍വന്റ് ഓഫ് ദ പീപ്പിള്‍’ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് പ്രസിഡന്റ് വേഷം അണിഞ്ഞിട്ടുള്ളത്.
42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എതിര് സ്ഥാനാര്‍ഥിയായ പെട്രോ പൊറോഷെങ്കോയ്ക്ക് 24 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭ്യമായത്. നടന്, ഹാസ്യതാരം എന്നീ നിലകളില്‍ രാജ്യത്ത് ഏറെ പ്രശസ്തനാണ് സെലെന്‍സ്കി. സെലെന്‍സ്കി 87 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ സെലെന്‍സ്കിയുടെ വിജയം ഉറപ്പായി.
ഫലം വ്യക്തമായിക്കഴിഞ്ഞെന്നും ഓഫീസ് ഒഴിയുകയാണെന്നും നിലവിലെ പ്രസിഡന്റ് പൊറോഷെങ്കോ വ്യക്തമാക്കി. യുക്രൈന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രശ്നങ്ങളും അഴിമതിയും യുദ്ധവുമെല്ലാം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അസംതൃപ്തിയാണ് തെരഞ്ഞെടുപ്പില്‍ ഫലിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post