ആറ്റിങ്ങല്‍: അടൂര്‍ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി എല്‍ഡിഎഫ്. സ്വന്തം പേരിലുള്ള കേസുകള്‍ പത്രങ്ങളിലൂടെ നല്കി പരസ്യപ്പെടുത്തിയില്ലെന്ന് കാണിച്ചാണ് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടൂര്‍ പ്രകാശിനെതിരെ എല്‍ഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി വി ശിവന്‍കുട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
നിശ്ശബ്ദപ്രചാരണത്തിന് മുമ്പ് തന്നെ കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. അതായത് ചട്ടപ്രകാരം ഇനി രണ്ട് ദിവസം മാത്രമേ കേസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ബാക്കിയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ നടപടി വരും.
സുപ്രീംകോടതി വിധിപ്രകാരം സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പത്രമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കിയിരുന്നു. നാമനിര്‍ദേശപത്രികയില്‍ തന്റെ പേരില്‍ ഏഴ് കേസുകളുണ്ടെന്നാണ് അടൂര്‍ പ്രകാശ് നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് പത്രപ്പരസ്യം വഴി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
Discussion about this post