ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് പൂര്‍ണമായും നിര്‍ത്തി. ഇതോടെ ജെറ്റ് എയര്വേയ്സില് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയതോടെ തങ്ങളുടെ യാത്രയും പണവും പ്രശ്നത്തിലായെന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പറയുന്നത്.
എന്നാല്‍ ജെറ്റ് എയര്വേയ്സില് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക് എത്രയും പെട്ടെന്ന് അവരുടെ പണം തിരികെ നല്‍കുമെന്നാണ് കമ്പനി വെബ്സൈറ്റ് വ്യക്തമാക്കുന്നത്. പരമാവധി പത്ത് ദിവസമാണ് ഇതിനായി ജെറ്റ് എയര്‍വേയ്സ് കണക്കാക്കുന്ന സമയം. ജെറ്റ് എയര്‍വേയ്സിന്റെ പങ്കാളിയായ ഇത്തിഹാദില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പലരുടെയും കണക്ഷന് ഫ്ളൈറ്റ് ജെറ്റ് എയര്‍വേയ്സിന്റേതാണ്. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
അതേസമയം ജെറ്റിനെ ഏറ്റെടുക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. അഞ്ച് ബോയിംഗ് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറാണെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ ആലോചന.
Discussion about this post