ന്യൂഡല്‍ഹി: അടച്ചുപൂട്ടല്‍ ഭീഷണി നേടിരുന്ന ജെറ്റ് എയര്‍വേയ്സിന് എയര്‍ ഇന്ത്യയുടെ കൈത്താങ്ങ്. ജെറ്റ് എയര്‍വേസിന്റെ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ജെറ്റിന്റെ അഞ്ച് ബോയിംഗ് വിമാനങ്ങളാണ് പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇവ ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് എയര്‍ ഇന്ത്യയുടെ ആലോചന.
വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനുളള സന്നദ്ധത വ്യക്തമാക്കി കൊണ്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി എസ്ബിഐ ചെയര്മാന് രജ്നീഷ് കുമാറിന് കത്തെഴുതിയതായാണ് അറിയുന്നത്. നിലവില്‍ എസ്ബിഐയുടെ നേതൃത്വത്തിലുളള ബാങ്കുകളുടെ കണ്‍സോഷ്യമാണ് ജെറ്റ് എയര്‍വേസിന്റെ ഭരണനിര്‍വ്വഹണം നടത്തുന്നത്.
പാട്ടത്തിനെടുത്ത വിമാനങ്ങളെക്കൂടാതെ ജെറ്റ് എയര്‍വേസിന് 10 ബോയിംഗ് 777-300 ഇ ആര് വിമാനങ്ങളും ഏതാനും എയര്‍ബസ് എ 330 വിമാനങ്ങളും സ്വന്തമായുണ്ട്.
അതേസമയം, അടിയന്തര വായ്പയ്ക്കുള്ള അപേക്ഷ ബാങ്കുകള്‍ നിരസിച്ചതോടെ ജെറ്റ് എയര്‍വേയ്സ് ബുധനാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. ഇന്ധനത്തിനുള്ള ധനസഹായം പോലും എവിടെ നിന്നും കിട്ടാത്ത സാഹചര്യത്തിലാണ് സര്‍വീസ് അവസാനിപ്പിച്ചത്.
Discussion about this post